മുക്കം: ഇരുവഞ്ഞി പുഴയുടെ കക്കാട് മംഗലശ്ശേരിത്തോട്ടം കടവിൽ തൂക്കുപാലത്തിനായുള്ള കക്കാടുകാരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. അനുവദിച്ച പാലത്തിന്റെ വെറും കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണം മാത്രമാണ് ഒരു വർഷത്തിനിടെ പൂർത്തിയാക്കാൻ സാധിച്ചത്.
കക്കാടിന്റെ മറുകരയിലുള്ള മംഗലശ്ശേരി തോട്ടത്തിലെ താമസക്കാരെ മുൻ നിറുത്തി ചേന്ദമംഗല്ലൂരിലെ ഒരു വിഭാഗമാളുകൾ ഉയർത്തിയ എതിർപ്പിൽ അഞ്ചു വർഷം മുമ്പ് കക്കാട് കടവിൽ അനുവദിച്ചു കിട്ടിയ പാലം യാഥാർത്ഥ്യമായിരുന്നില്ല. കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരു പാലം ഉണ്ടായിരിക്കെ ഒന്നര കിലോമീറ്ററിനുള്ളിൽ കക്കാടുകടവിൽ മറ്റൊരു പാലം ആവശ്യമില്ലെന്നായിരുന്നു എതിർപ്പുകാർ ഉയർത്തിയിരുന്ന വാദം. എന്നാൽ നാട്ടുകാരുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ 2016ൽ തൂക്കുപാലത്തിന് 77 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. എന്നാൽ വലിയ വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കും നേരിടാൻ പാലം അപര്യാപ്തമാണെന്നും കൂടുതൽ ഉറപ്പുള്ള പാലം വേണമെന്നും ആവശ്യമുയർന്നതോടെ അന്ന് എം.എൽ.എ ആയിരുന്ന ജോർജ് എം തോമസിന്റെ ശ്രമഫലമായി രണ്ടു കോടി രൂപ അനുവദിച്ചു. വിപുലീകരിച്ച പദ്ധതിയുടെ 2.4 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടികളുമായി മുന്നേറുമ്പോളാണ് 2018 ലെ പ്രളയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ കനത്ത പ്രഹരമേൽപിച്ചത്. ഇതോടെ പല പദ്ധതി തുകകളും വെട്ടി കുറച്ച കൂട്ടത്തിൽ പാലത്തിന്റെ തുകയും കുറഞ്ഞു.പിന്നീട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.27 കോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തിയാണ് ആരംഭിച്ചത്.
സർക്കാർ ഏജൻസിയായ സിൽക്കിനാണ് നിർമ്മാണ ചുമതല. പാലം വരുന്നതോടെ മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ മംഗലശ്ശേരി തോട്ടം നിവാസികൾക്ക് കാരശ്ശേരി പഞ്ചായത്തിലെ കക്കാട് അങ്ങാടിയുമായി ബന്ധപ്പെടാനും സ്കൂളുകൾ കോളേജുകൾ ആശുപത്രികൾ എന്നിവയിലേയ്ക്കുള്ള യാത്രയ്ക്കും സൗകര്യമാവും. കക്കാട് അങ്ങാടിയുടെ വികസനത്തിനും പാലം ഉപകരിക്കും.എന്നാൽ പാലം നിർമ്മാണത്തിലെ അനിശ്ചിതത്വം ഇനിയും തുടരുകയാണ്. ശേഷിക്കുന്ന ജോലികൾ എത്ര കാലം കൊണ്ട് പൂർത്തിയാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ.