para
കച്ചേരി പാറക്കുളത്തിൽ മുങ്ങിയ വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ നടക്കവെ ചുറ്റും ആളുകൾ തിങ്ങിക്കൂടിയപ്പോൾ

വടകര: പലപ്പോഴായി നിരവധി അപകടങ്ങൾ... എന്നിട്ടും എടച്ചേരിയിലെ കച്ചേരി പാറക്കുളത്തിന്റെ കാര്യത്തിൽ കരുതൽ ബാക്കി.

കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കച്ചേരി കുറുമാഞ്ഞിക്കിടക്കയിൽ സന്തോഷിന്റെ മകൻ അദ്വൈതിന്റെ ജീവൻ പൊലിഞ്ഞതോടെ പാറക്കുളം വീണ്ടും സംസാരവിഷയമായിരിക്കുകയാണ്. ഈ കുളത്തിന്റെ അടിത്തട്ട് കണ്ടവർ ഇപ്പോൾ ആരുമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. അത്രയേറെയുണ്ട് ആഴം.

കുളത്തിനോടു തൊട്ടു തന്നെയാണ് കച്ചേരി യു പി സ്കൂൾ. ഇവിടെ വലിയൊരു മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഭീഷണി ഒഴിയുന്നില്ല. പാറക്കുളത്തിൽ കുട്ടികൾ എത്തുന്നത് തടയാൻ സ്കൂളിലെ ഒരു ജീവനക്കാരൻ കാവലെന്നോണം ഏതു നേരവുമുണ്ടാവും.

അദ്ധ്യാപകനുമായി പിണങ്ങേണ്ടി വന്നതിനു പിറകെ മനം നൊന്ത് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ മുടവന്തേരി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയത് ഈ പാറക്കുളത്തിലായിരുന്നു. വേറെയും കുറേ ദുരന്തങ്ങൾ.

വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ ഒട്ടുമുക്കാൽ നിർമ്മാണ പ്രവൃത്തികൾക്കും റോഡുകൾക്കും മറ്റുമായി കരിങ്കല്ല് പൊട്ടിച്ചിരുന്നത് കച്ചേരിപ്പാറയിൽ നിന്നാണ്. ഏതാണ്ട് അര കിലോമീറ്റർ വിസ്തൃതിയിൽ വലിയ ചിറയെന്നോണം പാറക്കുളം രൂപം കൊള്ളുകയായിരുന്നു. യാതൊരു വിധ സുരക്ഷാസംവിധാനവുമില്ല ഇതിനു ചുറ്റും.

പ്രദേശവാസികളുടെ കരുതലാണ് മിക്കപ്പോഴും ദുരന്തങ്ങൾ തടയുന്നത്.

തരാതരം മീനുകൾ ഏറെയുണ്ടെന്നതാണ് മിക്കപ്പോഴും കുട്ടികളെ ഇവിടേക്ക് വരാൻ പ്രേരിപ്പിക്കുന്നത്. മീൻ പിടിക്കാനായാണ് അദ്വൈതും മൂന്നു കൂട്ടുകാരും ഇന്നലെ ഇവിടെ എത്തിയത്.

ഇനിയും ദുരന്തങ്ങൾ വിളിച്ചുവരുത്താതെ പാറക്കുളത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളുടേത്.