കോഴിക്കോട് : കൊവിഡ് ഭീതി കുറഞ്ഞതോടെ നാടും നഗരവും സജീവമായി. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിലെ മിഠായിത്തെരുവ് , സെൻട്രൻൽ മാർക്കറ്റ്, പാളയം എന്നിവിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റോഡുകളിലും തിരക്ക് കൂടി. ജനങ്ങൾ കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറെടുത്തതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അയ്യായിരത്തിന് മുകളിലെത്തിയ ജില്ലയിലെ ദൈന്യംദിന കൊവിഡ് വ്യാപനം രണ്ടായിരത്തിന് താഴെ എത്തിയത് ആശ്വാസമാണ്.
ബസുകളിൽ തിരക്കായതോടെ റൂട്ട് മുടക്കിയ ബസുകളൊക്കെ തിരിച്ചെത്തി. ഹോട്ടലുകളും റെസ്റ്റോറന്റുകളും നഗരത്തിൽ സജീവമായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾ എത്തുന്നുണ്ട്.
ജില്ലയിൽ ഇന്നലെ 1,711 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 1,682 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 17 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന അഞ്ച് പേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,546 പേരെ പരിശോധനക്ക് വിധേയരാക്കി. 4,160 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 17,837 ആളുകളാണ് കൊവിഡ് ബാധിതരായി ഉള്ളത്. 29,648 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,401 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ആശുപത്രി കിടക്കകളും ഒഴിവുണ്ട്. ജില്ലയിലെ 60 കൊവിഡ് ആശുപത്രികളിൽ 2,071 കിടക്കകളിൽ 1,206 എണ്ണം ഒഴിവുണ്ട്. 103 ഐ.സി.യു കിടക്കകളും 76 വെന്റിലേറ്ററുകളും ഓക്‌സിജൻ ലഭ്യതയുള്ള 488 കിടക്കകളും ഒഴിവുണ്ട്. 11 ഗവൺമെന്റ് കൊവിഡ് ആശുപത്രികളിലായി 188 കിടക്കകൾ, 15 ഐ.സി.യു, 35 വെന്റിലേറ്റർ, 192 ഓക്‌സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. ഒരു സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളിൽ 21 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി 372 എണ്ണം ഒഴിവുണ്ട്.
# ചികിത്സയിലുളളവർ
സർക്കാർ ആശുപത്രികൾ 289
സ്വകാര്യ ആശുപത്രികൾ 624
സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 31
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 29
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 15,143