tanker

കോഴിക്കോട് : വേനൽ കനക്കുന്നതോടെ കുടിനീർ ലഭ്യത കുറയുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള നടപടികളുമായി ഭക്ഷ്യ സുരക്ഷാവകുപ്പ് .

ലൈസൻസ് എടുക്കാതെ ടാങ്കറുകൾ കുടിവെള്ളം വിതരണം നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ള ടാങ്കർ ലോറികളിൽ ഫുഡ് സേഫ്‌റ്റി ലൈസൻസ് നമ്പർ, പരാതികൾ അറിയിക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ എന്നിവ എഴുതിയിരിക്കണം. വിതരണം ചെയ്യുന്ന കുടിവെള്ളം എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിൽ പരിശോധനാവിധേയമാക്കിയിരിക്കണം. ന്യൂനതകളില്ലെന്ന് ഉറപ്പ് വരുത്തിയ റിപ്പോർട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ കാണിക്കേണ്ടതുണ്ട്.

കുടിവെള്ള ടാങ്കറുകളുടെ ഉൾവശത്ത് കൃത്യമായി എപ്പോക്‌സി കോട്ടിംഗ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കുടിവെള്ളമെടുക്കുന്ന സ്രോതസ്സിന്റെ വിവരങ്ങൾ, എവിടേക്കാണ് വെള്ളം കൊണ്ടുപോകുന്നത് തുടങ്ങിയവ സംബന്ധിച്ച രേഖകളും ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിരിക്കണം.

ഉപഭോക്താക്കൾ ലൈസൻസുള്ള ടാങ്കറിൽ നിന്നു മാത്രം വെള്ളം വാങ്ങാവൂ. പരാതികൾ ടോൾ ഫ്രീ നമ്പറിൽ (18004251125) അറിയിക്കാം.

 ആൾബലമില്ലാതെ...

കുടിവെള്ള ഗുണനിലവാര പരിശോധനകൾ കർശനമായി നടത്തണമെന്ന് ആവർത്തിക്കുമ്പോഴും തെറ്റായ പ്രവണതകൾ കണ്ടുപിടിക്കാനോ നടപടിയെടുക്കാനോ ആവശ്യത്തിന് ആൾബലമില്ലെന്ന പ്രശ്നം തന്നെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്. കോഴിക്കോട് ജില്ലയിൽ 13 ഫുഡ് സേഫ്‌റ്റി ഓഫീസർമാരാണ് ആകെയുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓഫീസുകളുടെ പ്രവർത്തനം പലപ്പോഴും താളം തെറ്റുകയാണ്. പലപ്പോഴും നിലവിലുള്ള സ്റ്റാഫിന് അധികസമയം ജോലിയെടുക്കേണ്ടി വരികയാണ്. കുടിവെള്ള പരിശോധനയ്ക്ക് പുറമെ ദൈന്യംദിന പ്രവർത്തനങ്ങളും നിറവേറ്രേണ്ടതുണ്ട്.

സ്വകാര്യ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിനു പിന്നാലെയെന്നോണം കൊടുവള്ളിയിൽ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം കൂടിയായതോടെ ജില്ലയിൽ കുടിവെള്ള പരിശോധന കർശനമാക്കിയതാണ്. വ്യാപകമായി വിവിധ ഇടങ്ങളിലെ കിണറുകൾ പരിശോധിച്ചിരുന്നു. മിക്കപ്പോഴും ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി തീർക്കുകയാണ്.