
കോഴിക്കോട്: ടൺ കണക്കിന് റേഷനരിയും ഗോതമ്പും കടത്തിയത് കൈയോടെ പൊലീസ് പിടിച്ചെടുത്തുവെന്നതിൽ തർക്കമില്ല. പക്ഷേ, ഇതെവിടെ നിന്നു ചോർന്നുവെന്ന് സിവിൽ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഊർജ്ജിതാന്വേഷണത്തിൽ ഇനിയും കണ്ടെത്താനായില്ല!. ഇനി പൊലീസ് വേണം ചോർച്ചയുടെ ഉറവിടം കൂടി കണ്ടുപിടിക്കാൻ.
നഗരത്തിലെയുൾപ്പെടെ റേഷൻ കടകളിൽ നിന്ന് അരിയോ ഗോതമ്പോ കടത്തിയതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് മൂന്നു താലൂക്ക് സപ്ളൈ ഓഫീസർമാരുടെ അന്വേഷണ റിപ്പോർട്ട്. പരിശോധനയിൽ പലയിടങ്ങളിലും സ്റ്റോക്ക് കൂടുതലായിരുന്നുവെന്നു കൂടിയുണ്ട് റിപ്പോർട്ടിൽ.
വലിയങ്ങാടിയിലെ മൊത്തവ്യാപാര കടയിൽ നിന്ന് ചാക്ക് മാറ്റി കയറ്റി വിട്ട 182 ചാക്ക് റേഷനരിയും 60 ചാക്ക് ഗോതമ്പും പിടിച്ചെടുത്തത് കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു. ടൗൺ പൊലീസിനു രഹസ്യവിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡിൽ ലോറി പിടികൂടുകയായിരുന്നു. അടുത്ത കാലത്ത് ഇത്രയധികം റേഷൻ കടത്ത് കണ്ടെത്തുന്നത് ആദ്യമായാണ്.
ഏതൊക്കെ കടകളിൽ നിന്നാണ് റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് പോയതെന്ന് കണ്ടെത്താൻ കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസറെയും ടി.എസ്.ഒ ഗ്രേഡിലുള്ള കോഴിക്കോട് സിറ്റി നോർത്ത്, സൗത്ത് റേഷനിംഗ് ഓഫീസർമാരെയുമാണ് ജില്ലാ സപ്ളൈ ഓഫീസർ ചുമലപ്പെടുത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇവർ ഇന്നലെ വൈകിട്ട് ജില്ലാ സപ്ളൈ ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കടത്തിന്റെ ഉറവിടം കണ്ടെത്താനായില്ലെന്നു വ്യക്തമാക്കിയിട്ടുള്ളത്. റേഷൻ സാധനങ്ങളുടെ ഗോഡൗണിലും പരിശോധന നടത്തിയെങ്കിലും സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മൊത്തം 19 റേഷൻ കടകളിലായിരുന്നു പരിശോധന. ഇതിൽ 16 എണ്ണത്തിലും ക്രമക്കേടുകൾ കണ്ടെത്തി. നാലെണ്ണത്തിലേത് ഗുരുതരമായ ക്രമക്കേടുകളാണ്. ഇവിടങ്ങളിലെല്ലാം സ്റ്റോക്ക് കൂടുതലാണെന്നു കണ്ടെത്തുകയായിരുന്നു. പുഴുങ്ങലരിയും ഗോതമ്പും ആട്ടയുമാണ് കൂടുതലായി കണ്ടെത്തിയത്.
ഇനി പൊലീസ് അന്വേഷണത്തിലൂടെ മാത്രമെ അരിയും മറ്റും എവിടെ നിന്നാണ് കരിഞ്ചന്തയിലേക്ക് കണ്ടെത്താനാവൂ എന്ന് ജില്ലാ സപ്ളൈ ഓഫീസർ കെ.മുരളീധരൻ പറഞ്ഞു.
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തത്. ലോഡ് കയറ്റി വിടുന്നതിനിടെ സ്റ്റോക്ക് പിടിച്ചെടുക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്നു പേരും റിമാൻഡിലാണ്.