miyavakki
കോഴിക്കോട് ഭട്ട് റോഡിലെ മിയാവാക്കി സ്വാഭാവിക വനം

കോഴിക്കോട്: കാടുകൾ വെട്ടിത്തെളിച്ച് നാടുണ്ടാക്കുന്ന കാലത്ത് കോഴിക്കോട് ബീച്ചിൽ സ്വാഭാവിക വനം വളരുകയാണ്. കേവലം പത്തു സെന്റിൽ ആയിരത്തി അഞ്ഞൂറിലേറെ വൃക്ഷങ്ങളുമായി ഇടതൂർന്ന് വരുന്ന കാട്; മിയാവാക്കി മാതൃകാവനം.

ഒരു വർഷം മുമ്പായിരുന്നു പദ്ധതിയുടെ തുടക്കം. ഒത്ത വളർച്ചയിലേക്ക് വൃക്ഷങ്ങൾ ഉയർന്ന് കാടിന്റെ മനോഹാരിതയിലേക്ക് മാറുമ്പോൾ പ്രകൃതിസ്‌നേഹികൾക്ക് ഉള്ളറിഞ്ഞ് ആഹ്ളാദിക്കാം; വേണമെങ്കിൽ കാട് കടലോരത്തുമാവാമെന്നതിൽ.

എ.പ്രദീപ്കുമാർ എം.എൽ.എ യായിരിക്കെയാണ് മിയാവാക്കി വനപദ്ധതിയ്ക്ക് ഭട്ട് റോഡ് ബീച്ചിൽ കളമൊരുക്കിയത്. സമുദ്ര ഓഡിറ്റോറിയത്തോടു ചേർന്നുള്ള പത്ത് സെന്റ് സ്ഥാലത്താണിത്. പ്രൊഫ.അകിരാ മിയാവാക്കി ആവിഷ്‌കരിച്ച വനവത്കരണരീതിയിൽ കേരളത്തിലെ 12 ജില്ലകളിലും ഇത്തരം കാട് വളരുന്നുണ്ട്. കേരള ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡി.ഐ.എസ്.സി) പദ്ധതിയ്ക്ക് ഫണ്ട് നൽകുന്നത്. വനവത്കരണച്ചുമതല ഏറ്റെടുത്തത് എറണാകുളത്തെ കൾച്ചർ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡും. 20 ലക്ഷം രൂപയാണ് ചെലവ്. വളം ചെയ്യലും പരിപാലന - സംരക്ഷണവുമെല്ലാമായി മൂന്നു വർഷത്തെ ചുമതലയുണ്ട് ഈ കമ്പനിക്ക്. വയനാട്, ഇടുക്കി ജില്ലകളൊഴിച്ച് എല്ലായിടത്തും ഇത്തരത്തിൽ മിയാവാക്കി മാതൃകാവനം പടർന്നു പന്തലിക്കുകയാണ്. കോഴിക്കോട്, കൊടുങ്ങല്ലൂർ, ബേക്കൽ ബീച്ചുകളൊഴിച്ചാൽ മറ്റെല്ലാം കരപ്രദേശങ്ങളിൽ തന്നെ.
കോഴിക്കോട്ടുള്ളത് 1625 ഇനം സസ്യങ്ങളാണ്. പക്ഷികൾക്കും ചെറുജീവികൾക്കും ഭക്ഷിക്കാനുതകുന്ന ഫലങ്ങൾ കായ്ക്കുന്ന മരങ്ങളാണ് ഏതാണ്ട് പത്ത് ശതമാനം. അൻപത് തരം കാട്ടുമാവുകൾ തന്നെ വളരുന്നുണ്ട് ഇവിടെ. കാഞ്ഞിരം, പാല, തേക്ക്, വീട്ടി, പാല, ഊങ്ങ്, മലയിഞ്ചി, എലഞ്ഞി, ഉപ്പൂത്തി, ആര്യവേപ്പ്, നെല്ലി...ഇങ്ങനെ നീളുന്നു മറ്റുള്ളവ.

പരിസരവാസിയായ ബാലകൃഷ്‌ണനാണ് കാടിന്റെ സംരക്ഷകൻ. തുടക്കത്തിൽ ആറു മാസം രണ്ടു നേരം വെള്ളമൊഴിച്ചിരുന്നു. ഇപ്പോൾ രാവിലെ മാത്രം. വളവും അനുബന്ധ സാമഗ്രികളെല്ലാം കമ്പനി എത്തിക്കും. സ്വന്തം കുഞ്ഞുങ്ങളെന്ന പോലെ വൃക്ഷത്തൈകൾ പരിപാലിച്ചുപോരുകയാണ് ബാലകൃഷ്ണൻ.