വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ ദേശീയപാതയിൽ ആവശ്യമായ ഫ്ളൈഓവറുകളും അണ്ടർ പാസേജുകളും എവിടെയൊക്കെ വേണമെന്നതിനെക്കുറിച്ച് ദേശീയപാത പ്രൊജക്ട് ഓഫീസർക്ക് കത്തയച്ച് കെ.കെ രമ എം.എൽ.എ. നിലവിലുള്ള ടൗണുകളിലേക്കും അടുത്ത പ്രദേശങ്ങളിലേക്കും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടിവരുന്ന ആളുകൾക്ക് നിലവിലെ സ്ഥലങ്ങളിൽ മുറിച്ചുകടക്കാനായാൽ ഏറെ ഉപകാരപ്രദമാണ്. ഇത്തതം കാര്യങ്ങൾ മുൻ നിറുത്തിയാണ് എം.എൽ.എ കത്തയച്ചത്.
നിലവിൽ ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളെ കൂടാതെ മണ്ഡലത്തിൽ ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളയിടങ്ങളിലേക്കാണ് പാസേജുകൾക്കായി പറഞ്ഞിരിക്കുന്നത്. ഇതിൽ ആയുർവേദ ആശുപത്രി, ജെ.എൻ.എം സ്‌കൂൾ, ചീനംവീട് സ്‌കൂൾ, എസ്.പി ഓഫീസ്, പട്ടികജാതി വിദ്യാർഥികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റൽ എന്നവയുള്ള പാലോളിപ്പാലം, മണ്ഡലത്തിലെ ഏക സർക്കാർ കോളജ് സ്ഥിതിചെയ്യുന്ന മടപ്പള്ളി, ചോമ്പാല ഹാർബറിലേക്കും അറക്കൽ, മാടാക്കര ഭാഗത്തേക്കും പോകാനായി കണ്ണൂക്കര എന്നിവയടക്കമുള്ള സ്ഥലങ്ങളാണ് ഉള്ളത്. ഇക്കാര്യത്തിൽ അടിയന്തിരമായും അനുഭാവപൂർണവുമായ നടപടി പ്രതീക്ഷിക്കുന്നതായി എം.എൽ.എ അറിയിച്ചു. ആവശ്യങ്ങൾ അനുവദിക്കുകയാണെങ്കിൽ മണ്ഡലത്തിൽ വടകര പാലോളിപ്പാലം, കരിമ്പനപ്പാലം, വടകര പുതിയ ബസ് സ്റ്റാന്റ്, ലിങ്ക് റോഡ്, അടക്കാത്തെരു, പെരുവാട്ടം താഴ, ചോറോട് ഫിഷ്മാർക്കറ്റ്, കൈനാട്ടി, നാദാപുരം റോഡ്, മടപ്പള്ളി കോളജ്, കണ്ണൂക്കര, മുക്കാളി ബാലിവട്ടം, കുഞ്ഞിപ്പള്ളി തുടങ്ങി 13 ഇടങ്ങളിൽ അണ്ടർ പാസേജോ, ഫ്ളൈഓവർ ബ്രിഡ്ജോ,ഫൂട് ഓവർബ്രിഡ്‌ജോ ഉണ്ടാകും. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ ബോധ്യപ്പെടുത്താൻ അടുത്തദിവസം ഉദ്യോഗസ്ഥരുമായി പ്രസ്തുത സ്ഥലങ്ങൾ സന്ദർശിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടിവരുന്ന ആളുകൾക്ക് നിലവിലെ സ്ഥലങ്ങളിൽ മുറിച്ചുകടക്കാനായാൽ ഏറെ ഉപകാരപ്രദമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻപും ഉന്നതതലങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.