കോഴിക്കോട്: വൈവിദ്ധ്യമാർന്ന വസ്ത്രശേഖരവുമായുള്ള ഖാദി മൊബൈൽ വില്പനശാല ശരിക്കും ക്ളിക്ക്ഡ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെത്തിയ വസ്‌ത്രവണ്ടിയിലൂടെ ഒറ്റ ദിവസത്തെ വിറ്റുവരവ് ഒന്നേകാൽ ലക്ഷം രൂപ.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴിലുള്ള ചെറൂട്ടി റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയാണ് വസ്ത്രവണ്ടി പുറത്തിറക്കിയത്. ഖാദി വസ്ത്രങ്ങൾ അടുത്തെത്തിച്ചാൽ ആവശ്യക്കാരുണ്ടാവുമെന്ന കണക്കുകൂട്ടൽ തെറ്റിയില്ല. സർക്കാർ ഓഫീസുകളിലെ ജീവനക്കാരും സഹകരണ മേഖലയിലെ സ്റ്റാഫും ഒരു ദിവസമെങ്കിലും ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന ആഹ്വാനത്തിന് പൊതുവെ നല്ല പ്രതികരണമാണ്. സംസ്ഥാനത്തെ വിവിധ ഖാദി വസ്ത്രാലയങ്ങളിൽ ചുരുങ്ങിയ കാലയളവിനിടെ വില്പനയിൽ ഏതാണ്ട് 30 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.
ഖാദി ഇനങ്ങളുമായി ആളുകൾക്കരികിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് വസ്ത്രവണ്ടി ഒരുക്കിയതെന്ന് പ്രോജക്ട് ഓഫീസർ കെ.ഷിബി പറയുന്നു. ഒറ്റ വണ്ടിയേ ഓഫീസിനുള്ളൂ. ആ പരിമതിയിൽ നിന്നുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ വസ്ത്രവണ്ടി സവാരിയ്ക്കിറങ്ങുകയാണ്.
കോഴിക്കോട് കളക്ടറേറ്റ്, മറ്റു സർക്കാർ ഓഫീസുകൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലെല്ലാം വണ്ടി എത്തുന്നുണ്ട്. ഓഫീസിന് ഒരു വണ്ടി കൂടി അനുവദിക്കാൻ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതു കിട്ടിയാൽ വില്പനയിൽ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ.
വസ്ത്രാലയങ്ങളിലേക്കായി
ഫാഷൻ ഡിസൈനറും
കണ്ടുമടുത്ത വസ്ത്രങ്ങളല്ല ഇപ്പോൾ ഖാദി ഭവനുകളിൽ. മറ്റേതൊരു വസ്ത്രാലയത്തിലേയും പോലെ, വ്യത്യസ്ത ഡിസൈനുകളിൽ ചുരിദാറും ഷർട്ടും സാരിയുമെല്ലാമൊരുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി ഒരു ഫാഷൻ ഡിസൈനറെ നിയമിച്ചുകഴിഞ്ഞു. ജില്ലയിലെ 24 ഖാദി വസ്ത്ര നിർമ്മാണ യൂണിറ്റുകളിലും ഡിസൈനറുടെ സേവനം ലഭ്യമാണ്.
പെരുവയൽ പഞ്ചായത്തിലെ മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ പി.ടി.എ.റഹീം വാഗ്ദാനം ചെയ്തിട്ടുണ്ട്.