1

കൊയിലാണ്ടി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ മൂന്ന് ഓഫീസുകൾക്ക് പുതിയ കെട്ടിടം. കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകൾക്കുമായുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയ്ക്കായി മിനി സിവിൽ സ്റ്റേഷന് സമീപം നിർമ്മിച്ച ജലസംഭരണിയുടെ താഴെയാണ് ഇനി ഈ മൂന്നു ഓഫീസുകളും പ്രവർത്തിക്കുക. വാട്ടർ അതോറിറ്റി പി എച്ച് സബ് ഡിവിഷൻ ഓഫീസ്, രണ്ട് സെക്ഷൻ ഓഫീസുകൾ എന്നിവയാന്ന് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. പുതിയ കെട്ടിടം 14 ന് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസും സെക്‌ഷൻ ഓഫീസുകളും വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ് പ്രവർത്തിച്ചിരുന്നത്. പലതും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലുമായിരുന്നു. ഇതോടെ വെളളക്കര മടയ്ക്കാൻ എത്തുന്നവരും മറ്റും വളരെ ബുദ്ധിമുട്ടിയാണ് വാട്ടർ അതോറിറ്റിയുടെ ഓഫീസുകളിൽ എത്തിക്കൊണ്ടിരുന്നത്.ഓഫീസ് മാറ്റത്തോടെ ജീവനക്കാർക്കും നാട്ടുകാർക്കും ഏറെ ആശ്വാസമാകും. കേരള വാട്ടർ അതോറിറ്റി - കിഫ് ബി 2016-2017 നഗരസഭയിലേക്കും സമീപ പഞ്ചായത്തുകൾക്കുമായുള്ള ജല വിതരണ പദ്ധതിയുടെ ഭാഗമായുള്ള താണ് പുതിയ കെട്ടിടം. 23 ലക്ഷം ലിറ്റർ വെള്ളം ഉപരിതലത്തിൽ സംഭരിക്കാൻ കഴിയും. ദേശീയപാതയിൽ നിന്നും ഏകദേശം 50 മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്ക് റോഡ് ഉയർത്തി ടാറിംഗ് നടത്തുന്ന പണി പുരോഗമിക്കുകയാണ്.