bank

കോഴിക്കോട്: പല കാരണങ്ങളാൽ വായ്പ തിരിച്ചടക്കാൻ കഴിയാത്ത ഇടപാടുകാരെ സഹായിക്കാൻ കേരള സംസ്ഥാന സഹകരണ ബാങ്ക് നടപ്പാക്കിവരുന്ന 'നവകേരളീയം" കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഏരിയാ തലത്തിൽ അദാലത്തുകൾ നടത്തും. ആദ്യ അദാലത്ത് കോഴിക്കോട് ഏരിയയിലെ ശാഖകളിലെ ഇടപാടുകാർക്കായി കേരള ബാങ്ക് കോഴിക്കോട് റീജിയണൽ കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച നടക്കും. 14 ന് പേരാമ്പ്ര റീജിയണൽ ബാങ്ക് ഓഡിറ്റോറിയത്തിലും (പേരാമ്പ്ര ഏരിയ), 15 ന് വടകര മെയിൻ ശാഖയിലും (വടകര ഏരിയ), 16 ന് നരിക്കുനി ശാഖയിലും (മലാപ്പറമ്പ് ഏരിയ), 18 ന് കുന്ദമംഗലം ശാഖയിലും (കുന്ദമംഗലം ഏരിയ), 19 ന് കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഹാളിലും (കൊയിലാണ്ടി ഏരിയ), 21 ന് ഫറോക്ക് ശാഖയിലും (ഫറോക്ക് ഏരിയ), 22 ന് നാദാപുരം ശാഖയിലും (നാദാപുരം ഏരിയ) അദാലത്തുണ്ടാവും.
നിഷ്‌ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകൾ, ആർബിട്രേഷൻ / എക്‌സിക്യൂഷൻ, സർഫേസി കേസുകളിൽ ഉൾപ്പെട്ട വായ്പകൾ, വായ്പക്കാരൻ മരിച്ചുപോയതോടെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ, മാരകരോഗം ബാധിച്ചവരുടെ വായ്പകൾ, എസ്.എച്ച്.ജി, ജെ.എൽ.ജി വായ്പകൾ തുടങ്ങിയവയാണ് അദാലത്തുകളിൽ പരിഗണിക്കുക. വായ്പക്കാരൻ മരിച്ചതോടെ വന്നുപെട്ട കുടിശ്ശികയുടെ കാര്യത്തിൽ മരണ സർട്ടിഫിക്കറ്റും മാരകരോഗം ബാധിച്ചവരുടെ വായ്പകളിൽ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിരിക്കണം.
കഴിഞ്ഞ സെപ്തംബർ 30 വരെ പൂർണമായോ ഭാഗികമായോ കുടിശികയായ സ്വർണ്ണപ്പണയ വായ്പ, നിക്ഷേപവായ്പ എന്നിവ ഒഴികെ, 50 ലക്ഷം രൂപ വരെയുള്ള എല്ലാവിധ വായ്പകൾക്കും കുടിശ്ശിക നിവാരണ പദ്ധതി പ്രകാരം ഇളവുകൾ ലഭിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഇടപാടുകാർ കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് റീജിയണൽ മാനേജർ അറിയിച്ചു.