സുൽത്താൻ ബത്തേരി: മരംമുറി കേസിലെ ഉത്തരവാദികളായവരെ സംരക്ഷിക്കുന്നതിനായി നടക്കുന്ന ഗൂഢാലോചനയുടെ ഉദാഹരണമാണ് വനംവകുപ്പ് ബീറ്റ് ഓഫീസറായ രാജുവിനെതിരെയുളള ശിക്ഷാ നടപടികൾ പിൻവലിച്ചതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
അന്വേഷണങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മരം മുറി തുടങ്ങിയതു മുതൽ ഇയാൾ അഗസ്തിൻ സഹാദരന്മാരുടെ നിത്യസന്ദർശകനായിരുന്നു. ഇയാളുടെ ഫോൺ കോൾ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ തിരിച്ചെടുത്ത് ജില്ലയിൽ തന്നെ കുടിയിരുത്തിയത് ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ്. പൊതു സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. തോമസ് അമ്പലവയൽ അദ്ധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എൻ.ബാദുഷ, എം.ഗംഗാധരൻ, സണ്ണി മരക്കടവ് എന്നിവർ പ്രസംഗിച്ചു.