എടവക: ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയ്ക്ക് ഊന്നൽ നൽകി ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ കായകൽപ് അവാർഡ് എടവക കുടുംബാരോഗ്യകേന്ദ്രം കരസ്ഥമാക്കി. 97.9 ശതമാനം മാർക്ക് നേടിയാണ് എടവക ജില്ലയിൽ ഒന്നാമതെത്തിയത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും തുടർന്ന് സംസ്ഥാന തല പരിശോധനയും നടത്തിയാണ് അവാർഡ് നിർണയ സമിതി മികച്ച ആരോഗ്യസ്ഥാപനമായി എടവക എഫ്.എച്ച്.സി യെ തെരഞ്ഞെടുത്തത്.

നാല് മാസം മുമ്പ് ദേശീയ ഗുണനിലവാര അംഗീകാരവും എടവകയ്ക്ക് ലഭിച്ചിരുന്നു. ജീവനക്കാരുടെയും എടവക ഭരണസമിതിയുടെയും കൂട്ടായ പ്രവർത്തനമാണ് തുടർച്ചയായ നേട്ടങ്ങൾക്കിടയാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപും മെഡിക്കൽ ഓഫീസർ ഡോ.എം.ടി.സഗീറും വ്യക്തമാക്കി.