കൽപ്പറ്റ: തിരുനെല്ലി പഞ്ചായത്തിലെ 24 കാരന് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ,സക്കീന അറിയിച്ചു.
വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അപ്പപ്പാറ സിഎച്ച്സി യിൽ ചികിത്സ തേടുകയും കുരങ്ങുപനി സംശയിച്ച് വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.

ഒരു മാസം മുമ്പ് കർണാടകയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് മുതൽ ജില്ലയിൽ മുൻകരുതൽ നടപടി ആരംഭിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂറ്റിന്റെ സഹായത്തോടെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ അപ്പപ്പാറ, ബേഗുർ ഭാഗങ്ങളിൽ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വനത്തിന് പുറത്ത് നിന്ന് ശേഖരിച്ച ചെള്ളുകളിൽ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്തിയില്ല.

വേനൽ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഡിസംബർ മുതൽ ജൂൺ വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണം.

ശക്തമായ പനി, ശരീരവേദന, പേശിവേദന, തലവേദന, ഛർദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളിൽ കഴിവതും പോകാതിരിക്കുക. വനത്തിൽ പോകുന്നവർ ചെള്ള് കടിയേൽക്കാതിരിക്കാൻ കട്ടിയുള്ള ഇളം നിറത്തിലുള്ള നീണ്ട വസ്ത്രങ്ങൾ ധരിക്കുകയും ചെള്ളിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയും വനത്തിൽ നിന്ന് തിരിച്ചുവരുന്നവർ ശരീരത്തിൽ ചെള്ള് കടിച്ചിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളിൽ ലഭ്യമാണ്.