5
പെരുമണ്ണയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയിൽ കൃഷിയിറക്കുന്ന തൊഴിലാളികൾ

കോഴിക്കോട്: തുടക്കം മുതൽ സ്ത്രീസാന്നിദ്ധ്യം ഏറെയുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരികയാണ്. കൊവിഡ് വ്യാപനം വരുത്തിവെച്ച പ്രതിസന്ധി സർവ്വ തൊഴിൽ മേഖകലകളെയും തകർത്തെറിഞ്ഞപ്പോൾ പുരുഷന്മാരുടെ എണ്ണം ഈ മേഖലയിൽ നാൾക്കുനാൾ കൂടി വരുന്നുണ്ട്.

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ ആകെയുള്ള 14 തൊഴിലാളികളിൽ എട്ടു പേരും പുരുഷന്മാരാണ്. 75-കാരൻ കോരു 40 തൊഴിൽദിനങ്ങൾ പിന്നിട്ടുകഴിഞ്ഞു. അബ്ദുൽകരീമും ബഷീറും 54 തൊഴിൽദിനങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. ബീഡിത്തൊഴിലാളിയായിരുന്ന പോക്കർ, പാറമടയിലെ തൊഴിലാളിയായിരുന്ന അസീസ്, മുഹമ്മദ്, മമ്മദ് എന്നിവരെല്ലാം ആവേശത്തിലാണ്. മാർച്ച് 31നു മുമ്പ് നൂറ് തൊഴിൽദിനങ്ങൾ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഒരിടത്ത് പകുതിയിലേറെ പുരുഷന്മാർ പദ്ധതിയുടെ ഭാഗമാകുന്നത് ഇത് ആദ്യമാണെന്ന് അധികൃതർ പറയുന്നു. കോഴിക്കോട് ജില്ലയിൽ ആകെ 2.40 ലക്ഷം തൊഴിലാളികളുള്ളതിൽ 99.31 ശതമാനവും സ്ത്രീകളാണ്. പുരുഷന്മാർ 1648 പേർ മാത്രം.

നേരത്തെ വേതനത്തിലെ കുറവ് ചൂണ്ടിക്കാണിച്ചാണ് പുരുഷന്മാർ വിട്ടുനിന്നത്. 291 രൂപയാണ് ഒരു തൊഴിലാളിയ്ക്ക് കൂലി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലും പുരുഷന്മാർ സജീവമായി വരികയാണ്. ഇവിടെ 38 പുരുഷന്മാർ തൊഴിലാളികളായുണ്ട്.

 പെരുമണ്ണയിൽ തെളിയുന്നത്

പുത്തൻ മാതൃക

പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തരിശായിക്കിടക്കുന്ന പാടം കൃഷിയോഗ്യമാക്കുന്ന പണിയാണിപ്പോൾ. മൂന്ന് ആഴ്ചയായി മുടങ്ങാതെ ഇവിടെ എത്തുന്നുണ്ട്.

ജില്ലയിൽ തരിശുഭൂമി കൃഷിയ്ക്ക് അനുയോജ്യമാക്കി മാ​റ്റി അതിലൂടെ വരുമാനം നേടുക എന്നത് പുതിയ ആശയമാണ്. പദ്ധതി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ പച്ചക്കറി ഉത്പാദനത്തിൽ മികച്ച വരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

പത്ത് ദിവസത്തിനിടെ ഈ സ്ഥലത്ത് വിത്ത് പാകിക്കഴിഞ്ഞു. കൃഷിഭവനിൽ നിന്ന് ലഭിച്ച വെണ്ട, ചീര, മത്തൻ, കണിവെള്ളരി, പീച്ചിങ്ങ, മുളക്, ചൊരങ്ങ, തക്കാളി എന്നിവയുടെ വിത്തുകളാണ് വിതച്ചത്. പദ്ധതി ഏകോപിപ്പിക്കാൻ തൊഴിലുറപ്പ് മേറ്ര് ആശാമോൾ സജീവമായുണ്ട്.

 തൊഴിൽദിനങ്ങളിൽ

റെക്കോഡ് മുന്നേറ്റം

തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ മികച്ച മുന്നേറ്റമാണ്. നടപ്പ് സാമ്പത്തികവർഷം ഇതുവരെ 88 ലക്ഷത്തിൽപരം തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനായി. ലക്ഷ്യമിട്ടതിനേക്കാളും അഞ്ച് ലക്ഷം അധികമാണിത്. മാർച്ചോടെ 94 ലക്ഷം തൊഴിൽദിനങ്ങളാണ് ലക്ഷ്യമിടുന്നത്. 16023 കുടുംബങ്ങൾക്ക് നൂറ് തൊഴിൽദിനങ്ങൾ നൽകാൻ സാധിച്ചു. ജില്ലയിലാകെ മൂന്നു ലക്ഷം പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തതെങ്കിലും തൊഴിലിനെത്തിയത് 2.40 ലക്ഷം പേരാണ്.

"അടുത്ത കാലത്തായി തൊഴിൽ നഷ്ടപ്പെട്ട നിരവധി പുരുഷന്മാർ ഈ മേഖലയിലേക്ക് എത്തുന്നുണ്ട്. ഈ മേഖലയിൽ ഇത് പുതുമയുള്ളതാണ്. കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി നേരിടുമ്പോൾ ഏറെ ആശ്വാസമാവുകയാണ് തൊഴിലുറപ്പ് പദ്ധതി.

മുഹമ്മദ് ജാ,

ജോയിന്റ് പ്രോഗ്രാം ഓഫീസർ