സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവായതോടെ ബലൂൺ, കളിപ്പാട്ട കച്ചവടക്കാർ വീണ്ടും നഗരത്തിലെത്തി. ഉൽസവ പറമ്പുകളിൽ കച്ചവടം നടത്തിവന്നവരാണ് ഇപ്പോൾ പട്ടണങ്ങളിൽ റോഡിന്റെ ഓരം ചേർന്ന് കച്ചവടം നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഉൽസവ പറമ്പുകളിലെ കച്ചവടം ഇല്ലായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളുടെ ലോക്ക് അഴിച്ചതോടെ കച്ചവടക്കാർ ഉൽസവ പറമ്പുകൾ തേടിനടക്കാതെ പട്ടണങ്ങളിൽ കച്ചവടം ആരംഭിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കളിക്കോപ്പുകളും ബലൂണുമായി എത്തിയിരിക്കുന്നത്. മറ്റൊരു ലോക്ഡൗൺ ഉണ്ടായാൽ കളിക്കോപ്പുകൾ പെട്ടിയിൽ തന്നെ ഇരിക്കുകയേ ഉള്ളൂവെന്നും അതുകൊണ്ടാണ് കേരളത്തിൽ ഇളവ് വന്നതോടെ കച്ചവടത്തിനിറങ്ങിയതെന്നും അന്യ കച്ചവടക്കാർ പറഞ്ഞു.
രണ്ട് വർഷത്തിന് ശേഷമാണ് കച്ചവടത്തിന് കേരളത്തിലേക്ക് വരുന്നതെന്ന് ബത്തേരിയിൽ കഴിഞ്ഞദിവസം എത്തിയ ദണ്ഡപാണി പറഞ്ഞു. എന്നാൽ റോഡിന്റെ ഓരങ്ങളിൽ നിരത്തിയ കളിപ്പാട്ടങ്ങൾ വാങ്ങാൻ പലർക്കും ആശങ്കയുണ്ട്. കൊവിഡ് ഭയം തന്നെ കാരണം. സാദാ ബലൂണുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ബലൂണുകൾക്കാണ് ഡിമാന്റ്. പക്ഷിമൃഗാദികളുടെയും വിമാനത്തിന്റെയും മറ്റും ആകൃതിയിലുള്ള ഹൈഡ്രജൻ ബലൂണുകളാണ് കുട്ടികൾക്ക് പ്രിയം.
ഇതിനുപുറമെ പൊരി കടല, ഹലുവ, ജിലേബി തുടങ്ങിയവയുടെ വിൽപ്പനക്കാരും ടൗണുകളിലെത്തിയിട്ടുണ്ട്. ഇവരെല്ലാം നേരത്തെ ഉൽസവപറമ്പുകളിൽ മാത്രം കച്ചവടം ചെയ്തുകഴിഞ്ഞുവന്നവരാണ്.