lockel
വയോജന പാർക്കിന് നിലമൊരുങ്ങുന്ന ഫറോക്കിലെ ചന്തക്കട​വ് ​​

ഫറോക്ക്: കാലത്തിന്റെ മാറ്റത്തിൽ ചന്തയും കടവും പോയി മറഞ്ഞ ഫറോ​ക്കിലെ ​ ചന്തക്കടവിനു ​ പുത്തൻ പ്രൗഢി കൈവരികയായി. ചാലിയാറിന്റെ തീരത്തെ ഈ കടവ് കെട്ടിയുയർത്തി ഓപ്പൺ സ്റ്റേജ്, വയോജന പാർക്ക്, ഔഷധോദ്യാനം എന്നിവ ഒരുക്കുകയാണ് ഫറോക്ക് നഗരസഭ. മാർച്ച് അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ​ ​എൻ.സി.അബ്ദുൽ​ ​റസാഖ് പറഞ്ഞു. 15 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണപ്രവൃത്തി.

ഫറോക്ക് പുതിയപാലത്തിനോടു ചേർന്ന് ചാലിയാർതീരത്തെ കടവിൽ നിന്നായിരുന്നു പണ്ട് കാലത്ത് ഫറോക്ക് ചന്തയിലേക്കുള്ള റോഡിന്റെ തുടക്കം. ഫറോക്ക് താലൂക്ക് ആശുപത്രിയും ഗവ.യു പി സ്കൂളും ഉയർന്ന പ്രദേശത്താണ് പണ്ടത്തെ വിശാലമായ ചന്ത. സാധനങ്ങൾ വിൽക്കാനും വാങ്ങാനുമായി അക്കാലത്ത് ദൂരദിക്കുകളിൽ നിന്നു പോലും ആളുകൾ ഇവിടെ എത്തിയിരുന്നു.

പഴയ ഫറോക്കിന്റെ പ്രവേശന കവാടം തന്നെയായിരുന്നു ചന്തക്കടവ്. കോഴിക്കോടു ഭാഗത്തു നിന്നു വരുന്നവർ തോണിയിൽ ചാലിയാർ കടന്നെത്തുന്നത് ഇവിടെയാണ്. ഗതാഗതത്തിനെന്ന പോലെ ചരക്കുകടത്തിനും ഈ​ ​കടവാണ് അന്ന് ഉപയോഗിച്ചിരുന്നത്. ചന്തയ്ക്കടുത്തുള്ള കടവിന് ചന്തക്കടവ് എന്നു പേരും വന്നു. ഇതിന്റെ മറുകരയിലാണ് ​മമ്മിളിക്കടവ്.

ചാലിയാറിനു കുറുകെ ഇരുമ്പുപാലം വന്നതോടെ കര വഴി ഫറോക്കിലെത്താൻ എളുപ്പമായി. വൈകാതെ ചന്തക്കടവിലൂടെയുള്ള ജലഗതാഗതവും നിലച്ചു. അങ്ങനെ ചന്തക്കടവ് ഓർമ്മയിലേക്ക് മറഞ്ഞു. പിന്നീട് ചന്തയും നിന്നുപോയി.

ഇനി പഴമക്കാർക്ക് ഫറോക്കിന്റെ ഗതകാലസ്മൃതികൾ ചന്തക്കടവിൽ വന്നിരുന്നും അയവിറക്കാം. വയോജനങ്ങൾക്ക് ഒത്തുകൂടാൻ ഒന്നാന്തരം ഇടമായി മാറും ഇത്. കലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് ചാലിയാർ തീരത്തെ ഓപ്പൺ സ്റ്റേജിൽ അരങ്ങൊരുക്കുകയുമാവാം. ചന്തക്കടവിന്റെ പുതിയ മുഖം കാണാൻ കാത്തിരിക്കുകയാണ് പ്രായം ചെന്നവരൊക്കെയും.