
മുക്കം: ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത സംബന്ധിച്ച നടപടികൾക്ക് വേഗം കൂടി. പുതുക്കിയ ഡി.പി.ആറിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കാനാവുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ വ്യക്തമാക്കി.
രണ്ട് തുരങ്കങ്ങൾക്കും നാലുവരി അപ്രോച്ച് റോഡിനും പാലത്തിനുമടക്കം 2043.74 കോടി രൂപയാണ് ചെലവ്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡി.പി.ആർ അനുസരിച്ച് 658 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പുതുക്കിയ ഡി.പി.ആർ ഭരണാനുമതിയ്ക്കായി സമർപ്പിച്ചു കഴിഞ്ഞതാണ്.
പാരിസ്ഥിതികാനുമതിയ്ക്കായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കഴിഞ്ഞ നവംബർ 16ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ചേർന്ന യോഗത്തിൽ നിർദ്ദിഷ്ട റോഡും അപ്രോച്ച് റോഡും നാഷണൽ ഹൈവേയോ സ്റ്റേറ്റ് ഹൈവേയോ അല്ലെന്നിരിക്കെ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നു തീരുമാനിച്ചതാണ്.
പദ്ധതിക്കാവശ്യമായ 7 ഹെക്ടർ സ്വകാര്യഭൂമി സംബന്ധിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥരും കൊങ്കൺ അധികൃതരും പൊതുമരാമത്ത് വിഭാഗക്കാരും ചേർന്നുള്ള സംയുക്ത പരിശോധന നടക്കുന്നുണ്ട്. വനഭൂമിയുടെ കാര്യത്തിൽ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചതുമാണ്. വനം വകുപ്പ് ക്ലിയറൻസും സർക്കാരിന്റെ പുതുക്കിയ ഭരണാനുമതിയും വന്നാൽ നിർമ്മാണ പ്രവൃത്തിയ്ക്ക് തുടക്കമിടും.