കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ അർബൻ വാട്ടർ സ്‌കീം കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ്റ്റാന്റ് മുതൽ എസ്.കെ.എം.ജെ സ്‌ക്കൂൾ വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ടി.സിദ്ദിഖ് എം.എൽ.എയുടെ പ്രദേശിക വികസന പദ്ധതിയിൽ നിന്ന് 24,97,000 രൂപ അനുവദിച്ചു. കൽപ്പറ്റ നഗരത്തിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ അടിയന്തിര പ്രധാന്യം നൽകി പ്രവൃത്തിപൂർത്തികരിക്കാൻ പ്രത്യേക അനുമതിക്ക് വേണ്ടി എം.എൽ.എ ജനുവരിയിൽ ധനകാര്യ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അനുമതിയും ലഭ്യമായി.

കൽപ്പറ്റ ബൈപ്പാസിലുള്ള ബൂസ്റ്റർ പമ്പ് ഹൗസിൽ സ്റ്റാന്റ് ബൈ ആയി ഉപയോഗിക്കാൻ മറ്റൊരു ബൂസ്റ്റർ പമ്പ് സെറ്റ് വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 22,50,000 രൂപയും അനുവദിച്ചു. നിലവിലെ പമ്പ് സെറ്റ് തകരാറിലായാൽ ഗുഡലായ്കുന്ന്, റാട്ടക്കൊല്ലി, പുൽപ്പാറ, വിനായക, അഡ്‌ലൈഡ്, പെരുന്തട്ട, കിൻഫ്ര, വെള്ളാരംകുന്ന് പ്രദേശങ്ങളിൽ കുടിവെള്ളം ഏത്താത്ത സാഹചര്യമുണ്ടായിരുന്നു. നഗരത്തിലെ രണ്ട് പ്രവൃത്തികൾക്കുമായി 47,47,000 രൂപ അനുവദിച്ചതായി സിദ്ദിഖ് അറിയിച്ചു.