കോഴിക്കോട്: പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച മുഴുവൻ തുകയും വിനയോഗിച്ച് തിക്കോടി പഞ്ചായത്ത്.
നടപ്പ് സാമ്പത്തികവർഷം പട്ടികജാതി വിഭാഗത്തിനായി 32. 46 ലക്ഷം രൂപയാണ് പഞ്ചായത്തിന് അനുവദിച്ചത്. എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, ഫർണിച്ചർ വിതരണം, വയോജനങ്ങൾക്ക് കട്ടിൽ, ലൈഫ് ഭവനം, എസ്.സി വീടിന്റെ ഗുണമേന്മ വർദ്ധിപ്പിക്കൽ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കി തിക്കോടി പഞ്ചായത്ത് ഫണ്ട് വിനിയോഗം പൂർണമാക്കുകയായിരുന്നു.
നിലവിലെ സെൻസസ് പ്രകാരം പട്ടികജാതി വിഭാഗത്തിൽപെട്ട 1,433 പേരാണ് പഞ്ചായത്തിലുള്ളത്. വിദ്യാർത്ഥികളും വയോജനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ സാമൂഹികസാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് അനുവദിക്കുന്നത്. കഴിഞ്ഞ 18 വർഷത്തിനിടയിൽ ആദ്യമായാണ് തിക്കോടി പഞ്ചായത്തിന് ഇങ്ങനെയൊരു നേട്ടം. പഞ്ചായത്തിൽ ഉൾപ്പെട്ട 104 പേർക്ക് ഫണ്ട് ലഭ്യമാക്കി.
പ്രൊഫഷണൽ കോഴ്സിനും ബിരുദ - ബിരുദാനന്തര കോഴ്സുകൾക്കും പഠിക്കുന്ന പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 16 വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി. 21 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ എത്തിച്ചു. 5. 18 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1.52 ലക്ഷം രൂപ വിനിയോഗിച്ച് 34 വയോജനങ്ങൾക്ക് കട്ടിലും വിതരണം ചെയ്തു.
സ്വന്തമായി വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 18 പേർക്കാണ് പഞ്ചായത്ത് വീടു നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. എസ്.സി വിഹിതത്തിൽ നിന്നു 16.26 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് അനുവദിച്ചു. വീടുകളുടെ പുനരുദ്ധാരണത്തിനായി അപേക്ഷിച്ച പത്ത് പേർക്കും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേതിൽ ഉൾപ്പെട്ട അഞ്ച് പേർക്കായി 3.49 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തി.
അങ്കണവാടികളിലൂടെയുള്ള പോഷകാഹാര വിതരണത്തിനായി ഐ.സി.ഡി.എസ് മുഖേന രണ്ട് ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരു ലക്ഷം രൂപ എസ്.എസ്.കെ വിഹിതമായും നൽകി.