atholi1
അത്തോളിയിൽ മിനി സ്റ്റേഡിയം നിർമ്മിക്കാൻ വിട്ടുകൊടുത്ത ഭൂമിയുടെ സമ്മതപത്രം സാജിദ് കോറോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന് കൈമാറിയപ്പോൾ

 സൗജന്യമായി നൽകിയത് 1.11 ഏക്കർ ഭൂമി

അത്തോളി: കായികപ്രേമികളുടെ ചിരകാലസ്വപ്നം ഒടുവിൽ പൂവണിയുകയായി. അത്തോളി പഞ്ചായത്തിൽ വൈകാതെ മിനി സ്റ്റേഡിയം ഒരുങ്ങും. പ്രവാസി കൂടിയായ മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്
സാജിദ്‌ കോറോത്ത് സൗജന്യമായി 1.11 ഏക്കർ ഭൂമി കൈമാറിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിന് സമീപം വേളൂർ കിഴക്കയിൽ മീത്തലിലാണ് ഈ ഭൂമി.

വോളിബാളും ഫുട്‌ബാളും തഴച്ചുവളരുന്ന മണ്ണിൽ പുതുതലമുറയെ കൈപിടിച്ചുയർത്താൻ ഒരു കളിസ്ഥലമില്ലാത്തതിന്റെ വിഷമത്തിൽ പഞ്ചായത്ത് അധികൃതർ ഒരുപാട് വിയർത്തതാണ്. സാജിദ്‌ കോറോത്ത് തുണച്ചതോടെ ഇനി വൈകാതെ മിനി സ്റ്റേഡിയം യാഥാർത്ഥ്യമാവും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന് സ്ഥലം വിട്ടുകൊടുത്തുള്ള സമ്മതപത്രം സാജിദ് കോറോത്ത് കൈമാറി. ഇവിടെ അന്താരാഷ്ട നിലവാരമുള്ള മിനി സ്റ്റേഡിയം നിർമ്മിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ അദ്ധ്യക്ഷ്യത വഹിച്ചു.
വാർഡ് മെമ്പർമാരായ ബിന്ദു രാജൻ, സുനീഷ് നടുവിലയിൽ, എ.എം.വേലായുധൻ, ബൈജു കൂമുള്ളി, ശാന്തി മാവീട്ടിൽ എന്നിവരും വിവിധ രാഷ്‌ട്രീയകക്ഷി പ്രനിധികളായ ജൈസൽ കമ്മോട്ടിൽ, പി.കെ.രാജൻ, എം.സി.ഉമ്മർ, സി.എം.സത്യൻ തുടങ്ങിയവരും സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, എ.എം.സരിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ.ഇന്ദു നന്ദിയും പറഞ്ഞു.