കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി സുരക്ഷാ ഓഡിറ്റ് കമ്മിറ്റി. ഉത്തരമേഖല ഐ.ജി യുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സുരക്ഷാ ഓഡിറ്റ് കമ്മിറ്റിയാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. വെള്ളിമാട്കുന്നിലെ ചിൽഡ്രൻസ് ഹോം പലതവണ സന്ദർശിച്ച് അവിടത്തെ സാഹചര്യം വിലയിരുത്തുകയും അന്തേവാസികളിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഹോമിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ഇതിനെ മറികടക്കാൻ കുട്ടികളെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ സിസി ടിവി സ്ഥാപിക്കുക, പൊളിഞ്ഞ് കിടക്കുന്ന ചുറ്റു മതിൽ പണി ഉടൻ നടത്തുക,സുരക്ഷാ ഭീഷണിയായി കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുക, സെക്യുരിറ്റി ജീവനക്കാരനെ നിയമിക്കുക, കുട്ടികൾക്ക് കൗൺസലിംഗ് നടത്തുക, പുതുതായി വരുന്ന കുട്ടികളെ സീനിയർ പെൺകുട്ടികൾ കിറ്റ് കൊടുത്ത് സ്വീകരിക്കുന്ന സംവിധാനം ഏർപ്പെടുത്തക, പൂന്തോട്ടം നിർമ്മിക്കുക, അവർക്ക് കളിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുക, തുടങ്ങിയ ശുപാർശകളാണ് നൽകിയിട്ടുള്ളത്
ഇതോടൊപ്പം ആൺകുട്ടികളുമായി ഇടപെടാനും അവസരം ഉണ്ടാക്കണം.
കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി പൊലീസ് കമ്മിഷണർ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. പി.എം തോമസ്, ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർ അബ്ദുൾ ബാരി, മെഡിക്കൽ കോളേജ് അസി. പൊലീസ് കമ്മിഷണർ കെ . സുദർശൻ, ചേവായൂർ പൊലീസ് ഇൻസ്പെക്ടർ പി ചന്ദ്രമോഹൻ, ആന്റി ഹ്യുമാൻ ട്രാഫിക് എസ്. ഐ രാധാകൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.