പനമരം: ദേശീയ സ്മാരകമായ പനമരം പുഞ്ചവയലിലെ ജനാർദ്ദനഗുഡി കല്ലമ്പലം നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ശിലാപാളികൾ പൊളിച്ച് അടുക്കിവെക്കാൻ തുടങ്ങി. നേരത്തെ നമ്പരിട്ട് വെച്ചിരുന്ന ശിലകൾ ക്രമനമ്പർ അനുസരിച്ചാണ് പൊളിച്ച് അടുക്കിവെക്കുന്നത്.
കേന്ദ്രപുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം നടക്കുന്നത്. ശിലാപാളികൾ പൊളിച്ച് മാറ്റുന്നതിന്റെ ഭാഗമായുള്ള പുജകൾ ചൊവ്വാഴ്ച നടന്നു. ബുധനാഴ്ച മുതലാണ് ക്രെയിൻ ഉപയോഗിച്ച് ശിലാപാളികൾ വളരെ സൂക്ഷ്മതയോടെ പൊളിച്ച് നീക്കാൻ തുടങ്ങിയത്.

പരമ്പരാഗതമായി ക്ഷേത്രനിർമ്മാണം നടത്തിവരുന്ന കർണാടകയിൽനിന്നുള്ളവരാണ് ശിലകൾ പൊളിച്ച് മാറ്റി യഥാസ്ഥാനത്ത് തന്നെ കല്ലമ്പലം പുനർനിർമ്മിക്കാൻ എത്തിയിട്ടുള്ളത്. സെന്തിൽ കുമാറാണ് പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്. അഞ്ച് തൊഴിലാളികളെ കൊണ്ട് പതിനഞ്ച് ദിവസത്തിനുള്ളിൽ ശിലകൾ പൊളിച്ചുമാറ്റുന്ന ജോലി പൂർത്തീകരിക്കാനാണ് നീക്കം.

കൽതൂണുകളും പാളികളും ഉപയോഗിച്ച് നിർമ്മിച്ച കല്ലമ്പലങ്ങളിലെ ശിലാപാളികൾ വളരെ ശ്രദ്ധാപൂർവം പൊളിച്ചു നീക്കി ക്ഷേത്രത്തിന്റെ പിറകിലായി അടുക്കി വെക്കുകയാണ് ചെയ്യുന്നത്.
സിമന്റിന് ഇല്ലാതെ ചുണ്ണാമ്പ് കൊണ്ടുള്ള സുർക്കി മിശ്രിതം ഉപയോഗിച്ച് ശിലാപാളികൾ പഴയരീതിയിൽതന്നെ നിർമ്മിക്കും. പാളികളിലെ കൊത്തുപണികൾക്ക് ഒരു തരത്തിലുള്ള കേടുപാടും സംഭവിക്കാത്തവിധമാണ് പൊളിച്ചെടുക്കുന്നത്. 2015-ലാണ് കല്ലമ്പലമായ വിഷ്ണുഗുഡിയേയും, 2016-ൽ ജനാർദ്ദനഗുഡിയേയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ നിർമ്മിച്ചതാണ് കല്ലമ്പലങ്ങളെന്ന് ചരിത്രകാരന്മാരുടെ അഭിപ്രായം