കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം റൺവേ നീളം കുറക്കുന്നതിനായുള്ള നിർദ്ദേശങ്ങളൊന്നും നിലവിലില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.

കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും കോഴിക്കോട് വിമാനത്താവള ഉപദേശകസമിതി കോ ചെയർമാനുമായ എം.കെ രാഘവൻ എം.പിയ്ക്കാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മന്ത്രി ഈ മറുപടി നൽകിയത്.

മലബാറിൽ നിന്നുള്ള എം.പി മാരുടെ സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോടൊപ്പം മന്ത്രിയെ കഴിഞ്ഞ ആഴ്ച സന്ദർശിച്ച വേളയിൽ റൺവേ നീളം കുറക്കാനുള്ള നടപടികൾ ഉണ്ടാവില്ലെന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുമ്പ് നൽകിയ നിർദ്ദേശം സംബന്ധിച്ച രേഖ തന്റെ കൈവശം ഉണ്ടെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി നൽകിയ മറുപടി ശരിയല്ലെന്നും ഉദ്യോഗസ്ഥർ മന്ത്രിയെയും സഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും എം.കെ. രാഘവൻ ഉന്നയിച്ചെങ്കിലും മന്ത്രി മറുപടിയിൽ ഉറച്ച് നിന്നു. രേഖകൾ ഉയർത്തി സംസാരിക്കാൻ വീണ്ടും തയ്യാറെടുത്ത എം.കെ. രാഘവനെ സ്പീക്കർ ഓം ബിർള തടയുകയാണുണ്ടായത്.