red-tape

കോഴിക്കോട്: ഉദ്യോഗസ്ഥ 'പാര'യുടെ വെട്ടിൽ കുടുങ്ങി സ്വന്തം ഭൂമിയിൽ വീട് വയ്ക്കാനാവാതെ വലയുകയാണ് ഈ പട്ടികജാതി സഹോദരിമാർ.

ചേവായൂരിൽ പഴയ കരുണാഭവന് അടുത്തായുള്ള ഇവരുടെ ഭൂമി മാത്രം ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തിയതാണ് 'തണ്ണീർത്തട"ക്കുരുക്കായി മാറിയത്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടില്ലെന്നതു തന്നെ പ്രശ്നം.

കളമശ്ശേരി എച്ച്.എം.ടിയിൽ ജീവനക്കാരനായിരുന്ന പിതാവ് ഡ്യൂട്ടിയ്ക്കിടയിൽ പൊള്ളലേറ്റ് മരിച്ചതിനെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് ഇവരുടെ അമ്മ 1984-ൽ വാങ്ങിയതായിരുന്നു 25 സെന്റ് ഭൂമി. ഇവിടെ ഒരേ സർവേ നമ്പറിൽ ഒന്നര ഏക്കറോളം വരുന്ന ഭൂമിയിൽ ഇവരുടെ സ്ഥലം മാത്രം റവന്യു വകുപ്പ് ഉദ്യോഗസ്ഥന്റെ അതിബുദ്ധിയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിരന്തരം പരാതി നൽകിയെങ്കിലും റവന്യു ഉദ്യോഗസ്ഥ ദമ്പതികളുടെ ഇടപെടലിൽ ഒന്നും ഫലിച്ചില്ല. ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തിയത് സ്ഥലം ചുളുവിലയിൽ അടിച്ചെടുക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് സഹോദരിമാർ പറയുന്നു.

സ്ഥലം 2013ൽ അമ്മ നാലു പെൺമക്കൾക്ക് വീതിച്ച് നൽകിയതാണ്. പിന്നീട് ഏറ്റവും ഇളയ മകൾ എം.വി.ബിബി വീട് വയ്ക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് ഭൂമി തണ്ണീർതടത്തിൽ ഉൾപ്പെടുത്തിയതായി വിവരം അറിയുന്നത്. അന്നു തൊട്ടുള്ള നെട്ടോട്ടം ഇപ്പോഴും തുടരുകയാണ്.

തങ്ങളുടെ സ്ഥലം തെറ്റായ രീതിയിൽ തരംമാറ്റിയെന്ന് കാണിച്ച് അന്നത്തെ മേയർക്ക് പരാതി നൽകിയതായിരുന്നു. തുടർന്ന് സ്ഥലം സന്ദർശിച്ച മേയർ ഒപ്പമുണ്ടായിരുന്ന വില്ലേജ് ഓഫീസറോടും കൃഷി ഓഫീസറോടും സ്ഥലം തണ്ണീർതട പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊടുക്കാൻ നിർദ്ദേശിച്ചിച്ചതുമാണ്. എന്നാൽ നടപ്പിലായില്ല. ഇതിന് ശേഷം വി.കെ.സി.മമ്മദ് കോയ മേയറായി വന്നപ്പോഴും നേരിൽകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. അദ്ദേഹവും സ്ഥലം സന്ദർശിച്ച് തെറ്റായ നടപടി തിരുത്തണമെന്ന് നിർദ്ദേശിച്ചു. എന്നിട്ടും ഫയൽ അനങ്ങിയില്ല. ഒടുവിൽ മേയർ പറഞ്ഞതനുസരിച്ച് റവന്യു മന്ത്രിയായിരുന്ന അടൂർ പ്രകാശിനെ കണ്ടു. യാദൃച്ഛികമായി അവിടെ എത്തിയ അന്നത്തെ കളക്ടർ പ്രശാന്തിനോട് ഇവർക്ക് വേണ്ടതു ചെയ്തുകൊടുക്കണമെന്ന് കൈയോടെ നിർദ്ദേശിച്ചു. എന്നാൽ, നാളിതുവരെ ഒരു അനക്കവുമുണ്ടായില്ല.

അതിനു ശേഷം മേയറായി വന്ന തോട്ടത്തിൽ രവീന്ദ്രനെയും പിന്നീട് മേയർ ഡോ.ബീന ഫിലിപ്പിനെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതാണ്. ഫയൽ ഇപ്പോൾ ഉറക്കത്തിൽ തന്നെ.

സഹികെട്ട് ഇപ്പോൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. വൈകിയാണെങ്കിലും കോടതിയിലൂടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ നാലു സഹോദരിമാരും.