nazi

കോഴിക്കോട്: ഒത്തുകൂടലിന് മാത്രമാവരുത് സംഘടന. അവകാശങ്ങൾ എണ്ണിപ്പറഞ്ഞ് പൊരുതി നേടാൻ കഴിയണം. കേരളത്തിലെ വ്യാപാരിസമൂഹത്തിന്റെ അനിഷേധ്യ നേതാവായി മൂന്നു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി.നസിറുദ്ദീൻ എന്നും സഹപ്രവർത്തകരെ ഓർമ്മിപ്പിച്ചിരുന്നത് ഇതായിരുന്നു.സമരമുഖങ്ങളിൽ മുന്നിട്ടിറങ്ങി ഊർജ്ജം പകരുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരോടായാലും ഭരണാധികാരികളോടായാലും ചങ്കൂറ്റത്തോടെ നാടൻ ഭാഷയിൽ തന്നെയാവും പ്രയോഗം. വെല്ലുവിളികള നേരിടുന്നതായിരുന്നു ശീലം. നസിറുദ്ദീൻ ഓർമ്മകളിലേക്ക് മറഞ്ഞപ്പോൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചരിത്രത്തിൽ സമാനതയില്ലാത്ത അദ്ധ്യായത്തിനാണ് തിരശ്ശീല വീണത്.

മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ 1980ലാണ് നസിറുദ്ദീൻ സംഘടനാ രംഗത്ത് മുൻനിരയിൽ എത്തുന്നത്. 1984ൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റായി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1991ൽ സംസ്ഥാന പ്രസിഡന്റായ ശേഷം അന്ത്യം വരെ ആ സ്ഥാനത്ത് തുട‌ർന്നു.

രാഷ്ട്രീയ കക്ഷികളുടെ ഹർത്താലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നും നസിറുദ്ദിന്റേത്. ഹർത്താലിൽ വലയുന്നത് വ്യാപാരികളാണെന്നും അക്രമം നേരിടേണ്ടിവരുന്നത് കച്ചവടസ്ഥാപനങ്ങളാണെന്നും പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം.

വ്യാപാരികൾ 1998ൽ പാർലമന്റിലേക്ക് നടത്തിയ മാർച്ച് നസിറുദ്ദീന്റെ നേതൃപാടവം വിളിച്ചോതി.

ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം കടകളിലേക്ക് നീണ്ടപ്പോൾ രക്ഷകനായി നസിറുദ്ദീൻ പ്രത്യക്ഷപ്പെട്ടു. മാറിമാറി വന്ന ഭരണമുന്നണികൾക്കൊന്നും അദ്ദേഹം പിടികൊടുത്തില്ല. വ്യാപാരികളുടെ ആവശ്യങ്ങൾ ചെവിക്കൊള്ളാത്ത രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് പുനലൂരിൽ നിന്ന് രണ്ടു തവണ നിയമസഭയിലേക്കും തൃശൂരിൽ നിന്ന് ലോകസഭയിലേക്കും മത്സരിച്ച് മുന്നണികളെ വിറപ്പിച്ചിരുന്നു. 1987ൽ നിയമസഭയിലേക്ക് 12 സീറ്റിൽ ഏകോപന സമിതി മത്സരിച്ചതും ചരിത്രം.

 വിരട്ടലും വിലപേശലും വേണ്ട

' എഴു മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്. വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ടു വേണ്ട..." കൊവിഡ് അടച്ചിടൽ നീണ്ടതോടെ യുദ്ധം പ്രഖ്യാപിക്കാൻ നസിറുദ്ദീൻ മടിച്ചില്ല. കടകൾ തുറക്കും... പൊലീസും പട്ടാളവും ഇറങ്ങിയാലും പിൻവാങ്ങില്ല... ഇത് ജീവിക്കാനുള്ള സമരമാണ്... പൊലീസിനെ ഇറക്കി നേരിടാമെന്ന് കരുതിയെങ്കിലും അത് തിരുത്താൻ സർക്കാരിന് പ്രേരണയായത് ആ പ്രഖ്യാപനമാണ്. മാസങ്ങളോളമുള്ള അടച്ചിടലല്ല ആവശ്യമെന്നും സ്വയംകരുതലും നിയന്ത്രണങ്ങളുമാണെന്ന് സർക്കാരിനെക്കൊണ്ട് പറയിച്ചു അദ്ദേഹം.

ആദ്യം ഏതു കട തുറക്കുമെന്ന് ചോദ്യം വന്നപ്പോൾ അത് മിഠായിത്തെരുവിലെ തന്റെ ബ്യൂട്ടി സ്‌റ്റോഴ്സായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കൂടെയുള്ള പലരും കളം മാറിയപ്പോഴും പുതിയ സംഘടന രൂപം കൊണ്ടപ്പോഴുമെല്ലാം സ്വതസിദ്ധമായ ചിരിയായിരുന്നു നസിറുദ്ദീന്. ഒരേസമയം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്നു അദ്ദേഹം.