shi

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി.പി.ഷൈജലിനെ പുറത്താക്കിയത് കല്പറ്റ മുൻസിഫ് കോടതി തടഞ്ഞു.
പ്രതിഷേധമുയർത്തിയ ഹരിത നേതാക്കളെ പിന്തുണച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയതായി യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് ഷൈജൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്ഥാനം പുനഃസ്ഥാപിച്ച് കോടതി ഉത്തരവായത്.

പ്രസിഡന്റിനെ നോക്കുകുത്തിയാക്കി മുസ്ലിം ലീഗിനെ മൂവർസംഘം നശിപ്പിക്കുകയാണെന്ന് ഷൈജൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം എന്നിവർ മറ്റു നേതാക്കളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ തീരുമാനങ്ങളെടുക്കുകയാണ്. പാർട്ടി പ്രസിഡന്റ് സ്ഥാനം ഇനി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്കായിരിക്കുമോ എന്ന ആശങ്കയിൽ സാദിഖലി ശിഹാബ് തങ്ങൾ മറ്റു രണ്ടു നേതാക്കളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.