കോഴിക്കോട്: ചരിത്രം ഇതൾ വിടർത്തുന്ന പടുകൂറ്റൻ ചുമർചിത്ര ശില്പം ഒരുങ്ങി. ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ തീർത്ത 'സിറ്റി ഒഫ് ഓണസ്റ്റി ' 15ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അനാവരണം ചെയ്യും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏറ്റവും വലിയ ചുമർശില്പമാണിതെന്ന് ഹെഡ്മാസ്റ്റർ സഞ്ജീവൻ കൂവേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാസ്കോ ഡി ഗാമയുടെ കാപ്പാട്ടെ കപ്പൽ ഇറക്കത്തിനും സാമൂതിരിയുടെ പടയോട്ടത്തിനും പുറമെ മാനാഞ്ചിറ, രേവതി പട്ടത്താനം, തളി ക്ഷേത്രം, ബഷീറിന്റെ സാഹിത്യലോകം എന്നിവയെല്ലാം നിറയുന്നുണ്ട് വിശാലമായ ശില്പത്തിൽ. ഒപ്പം ഗണപത് ബോയ്സ് സ്കൂൾ സ്ഥാപിച്ച ഗണപത് റാവുവും.
ചിത്രകാരനും ശില്പിയുമായ ലിജു പാതിരിയാടിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മാസത്തോളമെടുത്താണ് ശില്പം പൂർത്തിയാക്കിയത്. 15ന് വൈകിട്ട് മൂന്നിന് അനാവരണച്ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വാർഡ് കൗൺസിലർ ഉഷാദേവി സമ്മാനിക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ ശില്പിയ്ക്ക് ഉപഹാരം നൽകും.
പി.ടി.എ പ്രസിഡന്റ് അബ്ദുൾ നാസർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം.കെ. സൂര്യനാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.