thottathil

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട് കണ്ണമ്പറമ്പ് പള്ളി കബർസ്ഥാനിലായിരുന്നു കബറടക്കം. മയ്യിത്ത് നമസ്‌കാരത്തിന് മകൻ എൻമോസ് നേതൃത്വം നൽകി. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന നസിറുദ്ദീനെ കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് രാത്രി പത്തരയോടെയായിരുന്നു അന്ത്യം. കണ്ണൂർ റോഡിലെ നസിറുദ്ദീന്റെ 'ബ്യൂട്ടി അസറാസ്" വസതിയിലും കണ്ണമ്പറമ്പ് പള്ളിയിലുമായി രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-വ്യാപാരരംഗത്തെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. ആദരസൂചകമായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം ഇന്നലെ കടകൾ അടച്ചിട്ടു.

എം.പിമാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഡോ. എം.കെ. മുനീർ, പി.ടി.എ. റഹീം, കെ.കെ. രമ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജു അപ്‌സര, എ. പ്രദീപ് കുമാർ, വി.കെ.സി. മമ്മദ് കോയ, പി. മോഹനൻ, അഡ്വ. വി.കെ. സജീവൻ, സൂര്യ ഗഫൂർ, അഡ്വ. പി.എം. നിയാസ്, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, പി.കെ. അഹമ്മദ്, കെ.വി. കുഞ്ഞഹമ്മദ്, ഡോ. ഹുസൈൻ മടവൂർ, നവാസ് പൂനൂർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.