കൽപ്പറ്റ: വൈദ്യുതി വാഹനങ്ങൾ നിരത്തുകൾ കീഴടക്കാനെത്തുമ്പോൾ പ്രോത്സാഹനവുമായി കെ.എസ്.ഇ.ബിയും. ചാർജിംഗ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ ആശങ്കയ്ക്ക് പരിഹാരമായി 15 ചാർജ്ജിംഗ് പോയിന്റുകളാണ് ജില്ലയിൽ വരുന്നത്. ഇലക്ട്രിക്ക് പോസ്റ്റുകളിൽ സ്ഥാപിക്കുന്ന പ്ലഗ് പോയിന്റുകളിൽ നിന്ന് ചാർജ് ചെയ്യുന്ന സംവിധാനമായ പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകളാണ് കെ.എസ്.ഇ.ബി ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്.

സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ച് വീതം സ്ഥലങ്ങളിൽ ചാർജ്ജ് ചെയ്യാനുളള കേന്ദ്രങ്ങൾ ഉണ്ടാകും. മാനന്തവാടിയിൽ മാനന്തവാടി ടൗൺ, പനമരം, തലപ്പുഴ, നാലാം മൈൽ, വെള്ളമുണ്ട എന്നിവിടങ്ങളിൽ ചാർജ്ജ് ചെയ്യാം. ബത്തേരിയിൽ ബത്തേരി ടൗൺ, പുൽപ്പള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയൽ എന്നിവിടങ്ങളിലും കൽപറ്റയിൽ കൽപറ്റ ടൗൺ, എസ്.കെ.എം.ജെ സ്‌കൂൾ, മേപ്പാടി, മുട്ടിൽ, കമ്പളക്കാട് എന്നിവിടങ്ങളിലും ചാർജിംഗ് പോയിന്റുകൾ ഉണ്ടാകും. കേന്ദ്രങ്ങളിൽ പണം അടച്ച് ചാർജ് ചെയ്യുന്ന സംവിധാനത്തോടൊപ്പം ഓൺലൈനായും പണം അടയ്ക്കാം.

ചാർജിംഗ് പോയിന്റുകൾക്ക് പുറമേ ചാർജിംഗ് സ്റ്റേഷനുകളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി.

നിലവിൽ വൈത്തിരിയിൽ സ്റ്റേഷൻ നിർമാണം പൂർത്തിയായിട്ടുണ്ട്. 2 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യും. പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്തും സ്റ്റേഷൻ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അടുത്ത ഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സർക്കാർ ഓഫീസുകളിലും പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വൈദ്യുതി വാഹന ഉടമകൾക്ക് ആശ്വാസം പകരുന്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.