സുൽത്താൻ ബത്തേരി: ബസിൽ യാത്ര ചെയ്ത ആൾ ബോധമറ്റ് വീണിട്ടും ബസ്ജീവനക്കാർ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ മരിച്ചയാളുടെ ആശ്രിതർക്ക് 23,90,500 രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ വയനാട് ജില്ല എം.എ.സി.ടി കോടതി ഉത്തരവായി. ബസിന്റെ ഇൻഷൂറൻസ് കമ്പനിയായ ന്യു ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുടെ ആലുവ ബ്രാഞ്ച് ആണ് തുക നൽകേണ്ടത്.
എറണാകുളം പോളക്കുളം ഹോട്ടൽ ഗ്രൂപ്പ് ജീവനക്കാരനും സുൽത്താൻ ബത്തേരി സ്വദേശിയുമായ തൊടുവട്ടി വീട്ടിൽ ടി.കെ.ലക്ഷ്മണൻ ആണ് ബസ് യാത്രയ്ക്കിടെ ബോധമറ്റ് വീഴുകയും ചികിൽസലഭിക്കാതെ മരിക്കുകയും ചെയ്തത്.
2018 മാർച്ച് 31-നായിരുന്നു സംഭവം.
എറണാകുളം മഹാരാജാസ് ഗ്രൗണ്ട് റോഡിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാനായി ആലുവ-എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെ ഷേണായി ജംഗ്ഷനിലെത്തിയപ്പോൾ ലക്ഷ്ണൻ കുഴഞ്ഞുവീഴുകയായിരുന്നു. യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നിർത്താൻ തയ്യാറായില്ല. 'ബസ് ഇടിച്ചതല്ലല്ലോ, ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന്" ആയിരുന്നു ജീവനക്കാരുടെ വാദം. അതിനിടെ ബസ് നഗരത്തിലെ ആറ് ആശുപത്രികൾ പിന്നിട്ടിട്ടും ബോധമറ്റ് കിടക്കുന്ന ആളെ ആശുപത്രിയിലാക്കാൻ ശ്രമിച്ചില്ല. അവസാനം യാത്രക്കാരിലൊരാൾ ജീവനക്കാരോട് കയർത്ത് സംസാരിക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇടപ്പള്ളി ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ യാത്രക്കാരനായ അനിൽകുമാർ എന്നയാൾ ആംബുലൻസ് വിളിച്ചുവരുത്തി തൊട്ടടുത്ത എം.എ.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ലക്ഷ്മണൻ മരണപ്പെട്ടിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്നും ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബസിന്റെ പെർമിറ്റും കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസും റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പോളക്കുളം ഹോട്ടൽസ് ഗ്രൂപ്പിന്റെ മാനേജർ ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. തുടർന്ന് ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ലക്ഷ്മണന്റെ ആശ്രിതർ ബത്തേരിയിലെ അഡ്വക്കറ്റ് ടി.ആർ.ബാലകൃഷ്ണൻ മുഖാന്തിരം വയനാട് ജില്ല എം.എ.സി.ടി കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് എം.എ.സി.ടി ജഡ്ജ് എസ്.കെ.അനിൽകുമാർ നഷ്ടപരിഹാരമായി 23,90,500 രൂപയും പലിശയും നൽകാൻ ഉത്തരവായത്.