കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ അലഞ്ഞുനടന്ന പശുവിനെ നഗരസഭ പിടിച്ചുകെട്ടി ഉടമസ്ഥന് പിഴ ചുമത്തി. ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുണ്ടാക്കുകയും, ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൈവരികളിൽ വെച്ചു പിടിപ്പിച്ച പൂച്ചെടികൾ തിന്നു നശിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭ വളർത്തുമൃഗത്തിനെ പിടിച്ചു കെട്ടി ഉടമസ്ഥന് പിഴ ചുമത്തിയത്.
യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഉടമസ്ഥർ കന്നുകാലികളെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കർശനമായും തടയുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരത്തിലെ കൈവരികളിൽ വെച്ചു പിടിപ്പിച്ചിട്ടുള്ള പൂച്ചെടികൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും, പൊതുജനങ്ങളുടെ നിസ്വാർത്ഥമായ സഹകരണം കൊണ്ട് മാത്രമേ ടൗൺ സൗന്ദര്യാവൽക്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജനകീയമാവുകയുള്ളൂവെന്നും ചെയർമാൻ പറഞ്ഞു.