സുൽത്താൻ ബത്തേരി: എന്നാൽ കർണാടകയിലേക്ക് കടക്കാൻ തൊഴിലാളികൾ ആശ്രയിക്കുന്നത് ചരക്ക് ലോറികളെ. കർണാടകയിൽ പ്രവേശിക്കുന്നതിന് ആർ.ടി.പി.സി.ആർ നിർബന്ധമായതിനാലാണ് കേരളത്തിൽ തൊഴിൽ ചെയ്ത് തിരിച്ചുപോകുന്ന കർണ്ണാടകയിൽ നിന്നുള്ള തൊഴിലാളികൾ ചരക്ക് ലോറികളിൽ കയറി നാട്ടിലെത്തുന്നത്.

അതേസമയം മലയാളികൾക്ക് കർണാടകയിലേക്ക് പ്രവേശിക്കണമെങ്കിൽ ഇപ്പോഴും നിരവധി കടമ്പകൾ കടക്കണം.
കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രചെയ്യുന്നവരെ അതിർത്തിയിൽ തടഞ്ഞ് രേഖകൾ പരിശോധിച്ചശേഷം മാത്രമെ കടത്തിവിടൂ. യാത്രക്കാരുടെ കൈവശം ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ മടക്കിഅയയ്ക്കുന്ന സ്ഥിതി വിശേഷമാണ്. അതിനാൽ കെ.എസ്.ആർ.ടി. ബസ്സിൽ 72 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ നെഗറ്റീവ് രേഖകളില്ലാത്തവരെ കയറ്റാറില്ല.

ഈ സാഹചര്യത്തിലാണ് അതിർത്തിയിലെ ആർ.ടി.ഒ ചെക്ക് പോസ്റ്റ് അടക്കം കടന്ന് ലോറിയുടെ പിറകിലിരുന്ന് തൊഴിലാളികളുടെ യാത്ര.
കർണാടകയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് വയനാട്ടിലെത്തി തൊഴിലെടുത്ത് മടങ്ങുന്നവരിൽ ഭൂരിഭാഗവും അതിർത്തി കടക്കുന്നത് ചരക്ക് ലോറികളിലാണ്. ആർ.ടി.പി.സി.ആർ എടുക്കാത്തവരാണ് ഇത്തരത്തിൽ അതിർത്തി കടക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ളവർ ഇത്തരത്തിൽ അതിർത്തി കടന്നുപോകുന്നതിൽ ചെക്ക് പോസ്റ്റ് അധികൃതരുടെ മൗനാനുവാദവുമുണ്ട്.

കുടുംബസമേതമാണ് കന്നഡ തൊഴിലാളികൾ ജോലിക്കായി വയനാട്ടിൽ എത്തുന്നത്. ഇവർ എല്ലാ ആഴ്ചയും സ്വന്തം വീടുകളിലേക്ക് തിരികെ പോകുമ്പോൾ ആർ.ടി.പി.സി.ആർ എടുക്കണമെന്ന് പറയുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ചരക്ക് ലോറികളിലെ യാത്ര കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്. നിരവധി തൊഴിലാളികൾ വയനാട്ടിൽ നിന്ന് ഇഞ്ചികൃഷിയും മാറ്റുമായി കർണാടകയിലും തൊഴിൽ ചെയ്യുന്നുണ്ട്. ഇരു സംസ്ഥാനത്തെയും തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുന്നതിനുവേണ്ടിയുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കരുതെന്നാണ് തൊഴിലാളികളുടെ ആവശ്യം.