ബാലുശ്ശേരി: തേനാക്കുഴി വളവിൽ കാടിനുള്ളിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ ഒരു കലുങ്ക് ഉണ്ട്.
സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി കലുങ്ക് പുതുക്കിപ്പണിയാൻ മറക്കരുതെന്നാണ് നാട്ടുകാർ ഓർമ്മിപ്പിക്കുന്നത്. കൊയിലാണ്ടി -എടവണ്ണപ്പാറ സംസ്ഥാന പാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്കുകളെല്ലാം പൊളിച്ച് പുതുക്കിപ്പണിയുകയും റോഡ് വീതി കൂട്ടി ടാറിംഗ് പ്രവൃത്തികളും പുരോഗമിക്കുകയാണ്. മാസങ്ങളായി റോഡ് പ്രവൃത്തി തുടങ്ങിയിട്ടുണ്ടെങ്കിലും കാടിനുള്ളിൽ മുടിക്കിടക്കുന്ന തേനാക്കുഴി വളവിലെ കലുങ്ക് ഇതുവരെ പൊളിച്ച് പുതുക്കിപ്പണിതിട്ടില്ല. ഇതു വരെ ഇവിടേയ്ക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് പരിസരവാസികളടക്കം പറയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള കലുങ്ക് പുതുക്കിപ്പണിയാതെ ടാറിംഗ് നടത്തിയാൽ ഏതു സമയത്തും അപകടം സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്.

നവീകരണത്തിന്റെ ഭാഗമായി പല ഇടങ്ങളിലേയും കലുങ്ക് രണ്ട് ഘട്ടമായി പൊളിച്ച് കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു. ചില സ്ഥലങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞ നിലയിലുമാണ്.നേരത്തെ അറപ്പീടിക മരപ്പാലം സ്റ്റോപ്പിനടുത്തെ കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയാതെ റീ ടാറിംഗ് നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. അവിടെ കലുങ്കിന്റെ ഇരുമ്പ് കമ്പികൾ പലതും കോൺക്രീറ്റിൽ നിന്ന് വേർപെട്ട നിലയിലാണ്. തേനാക്കുഴി വളവിലെ കലുങ്കിന്റെ സ്ഥിതി കാട് മൂടിക്കിടക്കുന്നതിനാൽ കാണാനും പറ്റാത്ത അവസ്ഥയാണ്.റോഡ് പുതുക്കിപ്പണിയുന്നതോടൊപ്പം ഈ കലുങ്കും പുതുക്കിപ്പണിയേണ്ടത് അത്യാവശ്യമാണ്.