ngou
എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിനു മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചപ്പോൾ

കോഴിക്കോട്: റവന്യൂ വകുപ്പിൽ അന്യായമായി കൂട്ടസ്ഥലംമാറ്റം നടത്തിയെന്ന് ആരോപിച്ച് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിനു മുന്നിൽ ഉപരോധം തീർത്തു. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടത്തിയ സ്ഥലംമാറ്റം റദ്ദാക്കണമെന്നും മാനദണ്ഡം പാലിച്ച് സ്ഥലമാറ്റ ഉത്തരവ് ഇറക്കണമെന്നുമുള്ള ആവശ്യം നിരാകരിച്ച സാഹചര്യത്തിൽ അനിശ്ചിതകാല സമരം തീരുമാനിച്ചിരിക്കുകയാണ് സംഘടനാ നേതൃത്വം.

ഇന്നലെ രാവിലെയായിരുന്നു കളക്ടറേറ്റിലെ ചേംബറിനു മുന്നിലെ ഉപരോധസമരം. തുടർന്ന് യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്ക് കളക്ടർ തയ്യാറായെങ്കിലും ഉത്തരവ് റദ്ദാക്കാൻ തയ്യാറായില്ല. തിങ്കളാഴ്ച കളക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുനെന്ന് നേതാക്കൾ വ്യക്തമാക്കി.

പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ടെന്നിരിക്കെ അതു പാലിച്ചിട്ടില്ലെന്നാണ് ആരോപണം. സ്ഥലംമാറ്റം ആവശ്യമുള്ളവരിൽ നിന്നു അപേക്ഷ സ്വീകരിച്ച് കരട് പ്രസിദ്ധീകരിച്ച ശേഷം ജീവനക്കാരുടെ ആക്ഷേപം കൂടി സ്വീകരിച്ച് ഉത്തരവിറക്കുന്നതിന് പകരം തല്പരകക്ഷികൾക്ക് കളക്ടർ ഉത്തരവിറക്കിയതാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നു.

ഉപരോധ സമരം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സത്യൻ, പി.പി.സന്തോഷ്, സിന്ധുരാജൻ, ജില്ലാ സെക്രട്ടറി കെ.പി.രാജേഷ്, പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ, വി.സാഹിർ, പി.സി.ഷജീഷ് കുമാർ, എം.ദയേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധസമരമുണ്ടായിരുന്നു. കൊയിലാണ്ടിയിൽ എക്സ്. ക്രിസ്റ്റിദാസ് എൻ.കെ സുജിത്ത് എന്നിവർ പ്രസംഗിച്ചു. വടകരയിൽ ടി.സജിത്ത്കുമാർ, ടി. വി.അനിഷ്, താമരശ്ശേരിയിൽ അനൂപ് തോമസ്, എൻ.ലിനീഷ് എന്നിവരും സംസാരിച്ചു.