കോടഞ്ചേരി: റോഡ് നവീകരണ പ്രവർത്തി വാഹനങ്ങളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്നതായി പരാതി.

കൈതപ്പൊയിൽ - അഗസ്ത്യൻമുഴി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി കണ്ണോത്ത് - കൈപ്പുറം റോഡിന്റെ രണ്ടര മീറ്ററോളം കട്ട് ചെയ്ത് എടുക്കുകയും ഈ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തതിനെതിരെയാണ് പ്രദേശവാസികൾ കേരള റോഡ് ഫണ്ട്‌ ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപെട്ട 8 മീറ്റർ വീതിയുള്ള

റോഡാണിത്. കൈതപോയിൽ - അഗസ്ത്യൻ മുഴി റോഡ് 10 മീറ്റർ വീതിയാക്കുന്നതിന്റെ ഭാഗമായി 2 വർഷത്തിലധികമായി ഈ ഭാഗം കട്ട് ചെയ്തിട്ട്. മുകളിലുള്ള സ്ഥലമുടമ റോഡിനാവശ്യമായ സ്ഥലം സൗജന്യമായി കൊടുക്കാമെന്ന് അറിയിച്ചിട്ടും കരാർ കമ്പനി റോഡ് വീതികൂട്ടാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ജനപ്രതിനിധികളടക്കമുള്ളവർ കരാറുകരുമായി സംസാരിച്ചിരുന്നു. റോഡിന്റെ തിണ്ടെടുത്ത് മാറ്റിതരണമെന്ന നിഷേധാത്മക നിലപാടാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

കൈപ്പുറം റോഡിന്റെ പ്രദേശങ്ങളിൽ താമസിക്കുന്ന 122 കുടുംബങ്ങൾ ഒപ്പിട്ട

പരാതിയാണ് പ്രദേശവാസികൾ എക്സിക്യൂട്ടീവ് എൻജീനിയർക്ക് സമർപ്പിച്ചത്. പ്രശ്നം പരിഹാരം ഉണ്ടായില്ലെങ്കിൽ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തേണ്ടി വരുമെന്നും നാട്ടുകാർ പറഞ്ഞു.