c

കോഴിക്കോട്: പത്തൊമ്പതാം വയസ്സിൽ ഇതരമതസ്ഥനായ മലയാളി യുവാവിനെ പ്രണയിച്ച് വീടു വിട്ടിറങ്ങിയപ്പോൾ സന്തോഷം നിറഞ്ഞ പുതുജീവിതമായിരുന്നു മഹാരാഷ്ട്രക്കാരിയായ ജിയറാം ജലോട്ടിന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. എന്നാൽ 11 വർഷത്തിന് ശേഷം തന്നെ ഉപേക്ഷിച്ചുപോയ ഭർത്താവിനെത്തേടി കൈക്കുഞ്ഞുമായി കോഴിക്കോടെത്തി സമനിലതെറ്റി അലഞ്ഞ് ഒടുവിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ കൊല്ലപ്പെടാനായിരുന്നു ജിയറാമിന്റെ വിധി.

മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ ജിയറാം തലശ്ശേരി പിണറായി കുനിയിൽപ്പീടികയിൽ സിറാജിനെ പ്രണയിച്ച് ഒളിച്ചോടിയതായിരുന്നു. തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ അന്യനാട്ടുകാരനെന്നതോ, ഇതര മതസ്ഥനെന്നതോ ഒന്നും തടസ്സമായില്ല. ജിയറാം പെട്ടെന്നൊരു നാൾ ഇറങ്ങിപ്പോയത് ഉറ്റവരെ കടുത്ത ആഘാതത്തിലാഴ‌്ത്തി.

വിവാഹം കഴിഞ്ഞ് നാലു വർഷത്തിന് ശേഷമാണ് സിറാജ് ഭാര്യയുമായി പിണറായിയിൽ എത്തുന്നത്. ഒപ്പം ആദ്യത്തെ കൺമണിയായ മകളുമുണ്ടായിരുന്നു. മകന്റെ ഭാര്യ അമുസ്ളിമാണെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല്ലാത്ത വിഷമത്തിലായി. വൈകാതെ ജിയറാമിനെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റി. അതിനു ശേഷം സിറാജും കുടുംബവും മഹാരാഷ്ട്രയിലേക്ക് മടങ്ങി. എന്നാൽ, അവിടെയെത്തി ഏറെ കഴിയുംമുമ്പേ യുവതി ഹിന്ദുമതത്തിലേക്ക് തിരികെ പോയതായി പറയുന്നു. നാലു വർഷം മുമ്പ് സിറാജ് നാട്ടിൽ വന്നപ്പോൾ ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നില്ല. തിരികെ പോയ ശേഷം ഇവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ജിയറാം വീണ്ടും ഒന്നര വയസ്സുള്ള കുഞ്ഞുമായി പിണറായിയിലെ വീട്ടിൽ എത്തുന്നത്. കുറച്ച് നാളായി സിറാജിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും കൂടെയുള്ള കുഞ്ഞ് തങ്ങളുടെ മകനാണെന്നും പറഞ്ഞു. നാട്ടിലെത്തിയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും യുവതി പിന്മാറിയില്ല. പിണറായി പൊലീസ് സ്റ്റേഷനിൽ എത്തി തന്റെ ഭർത്താവിനെ കണ്ടെത്തണമെന്ന് അപേക്ഷിച്ചു. പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും സിറാജ് സ്ഥലത്തില്ലെന്നായിരുന്നു മറുപടി.

ഒടുവിൽ പൊലീസുകാർ ടിക്കറ്റിനുള്ള പണം കൊടുത്ത് മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. പക്ഷേ, യുവതി തിരികെ പോയില്ല. സമനില തെറ്റിയ അവസ്ഥയിൽ തലശ്ശേരിയിലും പരിസരങ്ങളിലും അലയാൻ തുടങ്ങി. കുഞ്ഞിനെ ഒരു ദിവസം ക്രൂരമായി മർദ്ദിക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയെ ശിശുമന്ദിരത്തിലേക്കും യുവതിയെ മഹിളാമന്ദിരത്തിലേക്കും മാറ്റി. പിറ്റേന്ന് യുവതി മഹിളാമന്ദിരത്തിൽ നിന്ന് കടന്നു. പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലെത്തി ബഹളം വച്ചതോടെയാണ് തലശ്ശേരി പൊലീസ് കുതിരവട്ടത്ത് എത്തിച്ചത്. സെല്ലിൽ വച്ച് കഴിഞ്ഞ ബുധനാഴ്ച രാത്രി മാനസികരോഗിയായ മറ്റൊരു യുവതിയുടെ അടിയേറ്റാണ് മരിച്ചത്.