
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ധ്വജ പുനഃപ്രതിഷ്ഠയും പുതുതായി പണിതീർത്ത അപ്പ ശിവലിംഗ - നവഗ്രഹ ക്ഷേത്രങ്ങളിലെ പുനഃപ്രതിഷ്ഠയും തിങ്കളാഴ്ച രാവിലെ നടക്കും.
ചുറ്റമ്പലത്തിനകത്ത് വടക്കുകിഴക്കെ ഭാഗത്തായി ക്ഷേത്ര ശ്രീകോവിലിന്റെ അതേ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രത്തിൽ അപ്പ ശിവലിംഗവും ചുറ്റമ്പലത്തിന് പുറത്ത് നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിൽ നവഗ്രഹങ്ങളും ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠിക്കുക. രാവിലെ 7 നും 8 നും മദ്ധ്യേയാണ് ചടങ്ങ്.
തുടർന്ന് 8.40 നും 10 നും ഇടയിലുളള മുഹൂർത്തത്തിൽ വാഹന ബിംബ കലശങ്ങൾ എഴുന്നളളിച്ച ശേഷം ധ്വജ പുനഃപ്രതിഷ്ഠ നടത്തും. നിലമ്പൂർ കാളികാവ് ഫോറസ്റ്റ് റേഞ്ചിലെ പടുക്ക ഫോറസ്റ്റ് ഡിവിഷനിൽ നിന്നു കൊണ്ടു വന്ന തേക്ക്മരം നാല്പതോളം പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളുമടങ്ങിയ എണ്ണത്തോണിയിൽ രണ്ടു വർഷം നിക്ഷേപിച്ച ശേഷം പാകപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെമ്പുതകിട് പൊതിഞ്ഞ കൊടിമരമാണ് പുന:പ്രതിഷ്ഠിക്കുന്നത്. 17 ന് വൈകിട്ട് 7 മണിയ്ക്ക് ധ്വജോത്സവത്തിന് കൊടിയേറും. അന്ന് രാവിലെ സഹസ്രകലശാഭിഷേകവുമുണ്ടാവും.
ധ്വജ പുനഃപ്രതിഷ്ഠാ ചടങ്ങുകളിൽ സംബന്ധിക്കാൻ ക്ഷേത്രത്തിലെത്തുന്ന ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളെ തിങ്കളാഴ്ച രാവിലെ 7 ന് പൂർണകുംഭത്തോടെയാണ് വരവേൽക്കുകയെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, ജനറൽ സെക്രട്ടറി ഇ. സുരേഷ് ബാബു എന്നിവർ പറഞ്ഞു. ക്ഷേത്രത്തിൽ ഒരുക്കുന്ന ചടങ്ങിൽ സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.