സുൽത്താൻ ബത്തേരി: വേനൽ കനക്കുന്നതോടെ ഉണ്ടാകുന്ന കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് മുന്നൊരുക്കം ആരംഭിച്ചു. വനാതിർത്തികളിലെല്ലാം പത്ത് മീറ്റർ വീതിയിൽ ഫയർബ്രേക്കറുകൾ നിർമ്മിക്കുകയും വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് തീറ്റയും വെള്ളവും വനത്തിൽ തന്നെ സംഭരിച്ച് വയ്ക്കുന്നതിന്‌വേണ്ട ക്രമീകരണങ്ങളുമാണ് വനം വകുപ്പ് നടത്തിയിരിക്കുന്നത്.
വേനലിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് തീറ്റയും വെള്ളവുംതേടി വയനാട് വന്യജീവി സങ്കേതത്തിലേക്ക് എത്തുന്ന വന്യമൃഗങ്ങൾക്ക് ആവശ്യമായ തീറ്റയൊരുക്കാനുള്ള മുന്നൊരുക്കവും വയനാട് സങ്കേതത്തിൽ സ്വീകരിച്ചിട്ടുണ്ട്. 1,68,75,000 രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
ബത്തേരി, മുത്തങ്ങ, കുറിച്ച്യാട്‌, തോൽപ്പെട്ടി എന്നീ റെയിഞ്ചുകളിൽ ആവശ്യമായ സ്ഥലങ്ങളിൽ 168.3 കിലോമീറ്റർ ദൂരത്തിലാണ് ഫയർബ്രേക്കറുകൾ എടുത്തത്. മുൻവർഷങ്ങളിൽ അഞ്ച് മീറ്റർ വീതിയിലായിരുന്നെങ്കിൽ ഇപ്രാവശ്യം അതിന്റെ ഇരട്ടി വീതിയിലാണ് നിർമ്മിക്കുന്നത്. 26 കിലോമീറ്റർ ദൂരം സംസ്ഥാന അതിർത്തിയിലാണ് ഫയർബ്രേക്കർ നിർമ്മിച്ചിരിക്കുന്നത്. സങ്കേതത്തിലെ കോളനികൾക്ക് ചുറ്റും റോഡുകൾക്കിരുവശവുമായി 289 ഹെക്ടർ വിസ്തൃതിയിൽ അടിക്കാട് വെട്ടി ക്ലിയർ ചെയ്തു. 104 ഹെക്ടർ സ്ഥലത്താണ് അടിക്കാട് വെട്ടിയത്.
കാട്ടുതീ ഉണ്ടായാൽ വിവരം അറിയിക്കുന്നതിനായി വിവിധ ഇടങ്ങളിലായി അഞ്ച് സ്ഥിരം മച്ചാനുകളാണുള്ളത്. ഇവയ്ക്ക് പുറമെ വിവരം അറിയിക്കുന്നതിനായി 17 താൽക്കാലിക മച്ചാനുകൾ അഞ്ചിടങ്ങളിൽ ഫയർ ഗ്യാങ്ങുകളും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി 94 താൽക്കാലിക വാച്ചർമാരെയും നിയമിച്ചു. കാട്ടുതീ ഉണ്ടായാൽ ഉൾവനത്തിലെത്തുന്നതിന് 18.7 കിലോ മീറ്റർ ദൂരത്തിൽ പ്രൊട്ടക്‌ഷൻ പാത്ത് സജ്ജീകരിച്ചു. കാട്ടുതീ തടയാൻ വനാതിർത്തികളിലെ കോളനികളിൽ ബോധവൽക്കരണ ക്ലാസുകളും നടത്തി.
കാട്ടുതീ ഉണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഫയർഫോഴ്സ്, റവന്യു, പൊലീസ്, വകുപ്പുകളെ ഏകോപിപ്പിച്ച് ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപീകരിക്കുകയും ചെയ്തു.

കൂടാതെ വന്യജീവി സങ്കേതംമേധാവിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 04936 223500, 8547603486.