ബാലുശ്ശേരി: കിനാലൂർ മങ്കയം മലയോര മേഖലകളിൽ കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് ഭൂമി കത്തിനശിച്ചു. പനങ്ങാട് പഞ്ചായത്തിലെ ആറാം വാർഡിൽ കൈതച്ചാലിനും മങ്കയത്തിനും ഇടയിൽ എറമ്പറ്റ വളവിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ട ഭൂമിയിലാണ് ഇന്നലെ ഉച്ചയോടെ തീ പടർന്നത്. കിനാലൂർ റബ്ബർ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമിയിൽ നിന്ന് ഏതാനും മാസം മുമ്പാണ് റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയത്. അതിനാൽ കൂടുതൽ അപകട സാധ്യതയോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ജനവാസ മേഖലയല്ലാതിരുന്നതും കുറ്റിക്കാടുകളും കാട്ടുവള്ളികളും മാത്രമായിരുന്നതിനാലും അപകട സാധ്യത ഇല്ലാതാക്കി.15 ഏക്കറിലധികം ഭൂമിയാണ് ഇത്തവണ കത്തിനശിച്ചത്. ഈ ഭാഗത്ത് കുന്നിൻ ചരിവിൽ നിന്ന് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു..ഉടൻ നരിക്കുനിയിൽ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും മലക്ക് മുകളിലേക്ക് വാഹനം എത്താത്തിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ വൈകി. നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സന്ധ്യയോടെയാണ് തീ നിയന്ത്രണ വിധേയമായക്കിയത്. വേനൽ കനക്കുന്നതോടെ ഈ പ്രദേശങ്ങളിൽ കാട്ടുതീ പടരുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ വർഷവും എറമ്പറ്റ വളവിനു സമീപ പ്രദേശങ്ങളിൽ കാട്ടുതീ പടരുകയും ഏക്കർ കണക്കിന് കൃഷി ഭൂമിയും റബ്ബർ മരങ്ങളും കത്തിനശിക്കുകയും ചെയ്തിരുന്നു