
കോഴിക്കോട്: കോടതിയുടെ അനുകൂല ഉത്തരവിനു പിറകെ എം.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ ഓഫീസിനകത്ത് കയറ്റിയില്ല. കോൺഫറൻസ് ഹാൾ അകത്തുനിന്നു പൂട്ടിയ സാഹചര്യത്തിൽ ചില്ലുവാതിലിനു പുറത്ത് നിന്നു അദ്ദേഹം പ്രതിഷേധ മുദ്രാവാക്യം മുഴക്കി. നേതൃത്വത്തിന്റേത് കോടതി അലക്ഷ്യ നടപടിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിത വിഷയത്തിൽ മുൻ ഭാരവാഹികളെ പിന്തുണച്ചതിന്റെ പേരിൽ ഷൈജലിനെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു നേതൃത്വം നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കല്പറ്റ മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഷൈജലിന് അനുകൂല ഉത്തരവ് ലഭിച്ചത്.
ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് പി.കെ.നവാസിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്ര് യോഗം തുടങ്ങിയപ്പോൾ തന്നെ ഷൈജൽ എത്തിയതാണ്. അകത്തുനിന്നു അടച്ച ഹാളിന്റെ വാതിലിൽ അദ്ദേഹം പലതവണ മുട്ടിയെങ്കിലും തുറന്നില്ല.
കോടതി വിധിയുടെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു നേതാക്കളുടെ പിന്നീടുള്ള പ്രതികരണം.