കോഴിക്കോട്: കൊവിഡ് മൂന്നാംതരംഗത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിച്ചതോടെ നഗരം വീണ്ടും തിരക്കിലേക്ക്. വിലക്ക് നീങ്ഹിയതോടെ വീണുകിട്ടിയ ഞായറാഴ്ച ആഘോഷമാക്കാൻ ബീച്ചിലും മിഠായി തെരുവിലുമെത്തിയത് ആയിരങ്ങളാണ്. തീയേറ്ററിലും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഹോട്ടലുകളിലും നല്ല തിരക്കുണ്ടായിരുന്നു. നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്നലെ തുറന്ന് പ്രവർത്തിച്ചു. മിഠായിത്തെരുവ്, പാളയം, മാനാഞ്ചിറ എന്നിവിടങ്ങളിലെ വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. കല്ല്യാണം പോലുള്ള ആഘോഷങ്ങളും ധാരാളം ആളുകളെ പങ്കെടുപ്പിച്ച് തന്നെ നടന്നു.പ്രധാനമായും മാളുകൾ, ഇറച്ചിക്കട, മത്സ്യ വിപണന കേന്ദ്രം എന്നിവിടങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ട
ത്. നഗരത്തിലെ ബിവറേജ് ഔട്ട്‌ലെറ്റുകളിലും ബാറിലും പതിവിൽക്കവിഞ്ഞ തിരക്കായിരുന്നു. നിരത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു.
എല്ലാ പ്രധാന കേന്ദ്രങ്ങളിലും ആളുകൾ കൂട്ടം ചേരുന്നതും സമ്പർക്കവും ഒഴിവാക്കാൻ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നെങ്കിലും കർശന നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ആദ്യതരംഗത്തിന്റെ ജാഗ്രതയോ അകലം പാലിക്കലോ ഇപ്പോൾ ജനങ്ങൾക്കില്ല.ജനുവരി 22 മുതലായിരുന്നു സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയത്. രോഗബാധിതർ കുറഞ്ഞതോടെ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണം പിൻവലിച്ചത്.