bgh

കോഴിക്കോട്: സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിൽ ആദ്യമായി കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌ട്രോക്ക് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് റിജോഷിനെയും സഹ ഡോക്ടർമാരെയും നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവരെയും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭിനന്ദിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് എല്ലാ ജില്ലകളിലെയും ഒരു പ്രധാന ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌ട്രോക്ക് ഐ.സി.യു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ എന്നിവയും ആരോഗ്യ വകുപ്പ് സജ്ജമാക്കി. ഇതോടെ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ലാ ആശുപത്രികളിലും ലഭ്യമാവുകയാണ്.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ വിൻഡോ പീരീഡായ നാലര മണിക്കൂറിനുള്ളിൽ സ്‌ട്രോക്ക് ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളിൽ തന്നെ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളിൽ യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മറ്റു ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.