കോഴിക്കോട്: പ്രണയിച്ച് ഒന്നിക്കാൻ ഉറപ്പിച്ചപ്പോൾ തുടങ്ങിയ പോരാട്ടം അവിടം കൊണ്ടു നിറുത്തിയില്ല ഈ അദ്ധ്യാപക ദമ്പതികൾ. പിന്നെ, ഒന്നിച്ചുനിന്നുള്ള പോരാട്ടം ലഹരിയ്ക്കെതിരെയായി. നാലു പതിറ്റാണ്ടു പിന്നിടുമ്പോഴും ലഹരിവിരുദ്ധ പോരാട്ടം ലഹരി തന്നെയാണ് രവീന്ദ്രൻ മാഷിനും ചിന്നമ്മ ടീച്ചർക്കും.

നാല്പതു വർഷം മുമ്പ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം അദ്ധ്യാപകനായി ടി.എം.രവീന്ദ്രനും സംസ്കൃതം അദ്ധ്യാപികയായി ഒ.ജെ.ചിന്നമ്മയും എത്തിയത് ഒരേ ദിവസം. അറ്റൻഡൻസ് രജിസ്റ്ററിൽ ആദ്യദിവസം അടുത്തടുത്തായി ഒപ്പ് വെച്ച ഇരുവരും പുതുജീവിതത്തിലും ഒന്നിച്ച് ഒപ്പ് ചാർത്തുകയായിരുന്നു. അതാകട്ടെ, വ്യത്യസ്ത മതസ്ഥരെന്നതിന്റെ പേരിലുയ‌ർന്ന തടസ്സങ്ങൾക്കെതിരെ പൊരുതിയും.

കച്ചേരി തലക്കുളത്തൂർ സൂര്യാ മൻസിലിൽ പ്രൊഫ.ടി.എം.രവീന്ദ്രൻ - പ്രൊഫ.ഒ.ജെ ചിന്നമ്മ ദമ്പതികൾ സർവിസ് കാലം പിന്നിട്ട ശേഷം വിശ്രമമൊന്നും ആലോചിക്കാതെ പോരിന് വീര്യം കൂട്ടിയിട്ടേയുള്ളൂ. എന്നും മദ്യനിരോധന സമിതിയുടെ മുൻനിരയിലുള്ള മാഷിനൊപ്പം തന്നെയുണ്ട് ടീച്ചറും. സമിതി വനിതാ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ടീച്ചർ.

സംസ്കൃതത്തിൽ എം.എയും ബി.എഡും കഴിഞ്ഞാണ് 1981-ൽ ചിന്നമ്മ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപികയായി എത്തുന്നത്. ടീച്ചർ അന്ന് ആദ്യമായാണ് മാഷിനെ കണ്ടതെങ്കിലും തിരിച്ചങ്ങനെയല്ല. പന്തീരാങ്കാവ് സ്കൂളിൽ ടീച്ചർ പഠിപ്പിച്ചിരുന്നപ്പോൾ തന്നെ അതിനടുത്തുള്ള പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്ന രവീന്ദ്രന്റെ മനസ്സിൽ പതിഞ്ഞതായിരുന്നു ആ മുഖം. ശങ്കിക്കാതെ ഇഷ്ടം നേരിട്ടു പറയണമെന്നു തോന്നിയെങ്കിലും എന്തോ നടക്കാതെ പോയി.

കോളേജിലെ ലൈബ്രറിയുടെ ചുമതല ചിന്നമ്മയ്ക്കായപ്പോൾ ഒരാളുടെ സഹായം വേണ്ടി വന്നു. നിയോഗമെന്നോണം സഹായിയായി രവീന്ദ്രനെത്തി. അടുത്തറിഞ്ഞു തുടങ്ങിയപ്പോൾ മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറിയായ മാഷിനോടു ടീച്ചർക്കും പതിയെ ഒരിഷ്ടം തോന്നി. മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ഒരിക്കലും ഉപയോഗിക്കാത്ത പിതാവിന്റെ മകൾ എന്ന നിലയിലും കൂടിയായിരുന്നു അത്. പതിയെ അത് പ്രണയമായി. ടീച്ചറുടെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുയർന്നു. സഹോദരങ്ങൾ വന്ന് ടീച്ചറുടെ താമസം ഭദ്രമായ ഒരിടത്തേക്ക് മാറ്റി. എന്നാൽ, അവിടെ നിന്നു മാഷും അമ്മയും ചേർന്ന് ടീച്ചറെ വീട്ടിലേയ്ക്ക് കൂട്ടി. രജിസ്ട്രാറെ വീട്ടിലേക്ക് വരുത്തിച്ച് വിവാഹിതരായി. പിന്നീട് മക്കൾക്ക് പ്രത്യേകിച്ചൊരു മതം കെട്ടിയേല്പിച്ചതുമില്ല.

കൊവിഡ് വ്യാപനം തുടങ്ങിയതോടെ പുറത്തിറങ്ങുന്നത് തീരെ കുറഞ്ഞപ്പോൾ ഇരുവരും കൃഷിയിലേക്ക് കൂടുതൽ സമയം നീക്കിവെക്കുകയായിരുന്നു. മക്കൾ അരുണും ആരിഫും ഐ.ടി മേഖലയിലാണ് മരുമക്കൾ ഡോ.പൊന്നമ്പിളിയും നീതു രമേഷും. അൽമിക, ഈവ, നേതൻ എന്നിവർ പേരക്കുട്ടികൾ.