
കോഴിക്കോട്: 'ചെറുക്കാം മയക്കുമരുന്നിനെ" എന്ന സന്ദേശവുമായി നമ്മൾ ബേപ്പൂർ പദ്ധതിയിലൂടെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ബേപ്പൂർ മണ്ഡലത്തിൽ ലഹരിയ്ക്കെതിരെ ഊർജ്ജിതയജ്ഞം. ലഹരിവഴിയിലേക്ക് വീഴുന്ന യുവതയെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യവുമായി പൊലീസും പൊതുജനങ്ങളം ചേർന്നുള്ള ബോധവത്കരണം വ്യാപിപ്പിക്കും.
മണ്ഡലത്തിൽ ഉൾപ്പെടുന്ന ഫറോക്ക്, നല്ലളം, ബേപ്പൂർ, മാറാട് പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് - അനധികൃത മദ്യ വില്പനയുമായി ബന്ധപ്പെട്ട് 164 കേസുകൾ ഇതിനിടയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊണ്ണൂറു പ്രതികൾ ഇതിനകം പിടിയിലായി.
അസി. കമ്മിഷണർ എം.എ.സിദ്ദിഖിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കിയാണ് ലഹരി വില്പനക്കാരെയും ഏജന്റുമാരെയും പിടികൂടുന്നത്. പൊതുജങ്ങൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വില്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളങ്ങൾ കണ്ടെത്തുന്നുണ്ട്. പൊതുപ്രവർത്തകരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണവുമുണ്ട് പൊലീസിന്.
റെയിൽ പാളങ്ങൾ, ആളൊഴിഞ്ഞ മറ്റു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും അറസ്റ്റിലാവുന്ന പ്രതികളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വെച്ചും ഓരോ സ്റ്റേഷൻ പരിധിയിലും തുടർപരിശോധനകൾ നടത്തിവരികയാണ്. കഴിഞ്ഞ സെപ്തംബറിലാണ് കാമ്പയിനിനു തുടക്കം കുറിച്ചത്. പദ്ധതി നാടിനു വലിയ ആശ്വാസമായിട്ടുണ്ടെന്നു പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.