mhc

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ മഹാരാഷ്ട്രക്കാരി ജിയറാം ജിലോട്ട് (30) കൊല ചെയ്യപ്പെട്ട സംഭവത്തിൽ സഹഅന്തേവാസിയുടെ മാനസികാരോഗ്യ പരിശോധന ഇന്ന് പൂർത്തിയാക്കും. അതിനിടെ, അനിഷ്ടസംഭവത്തിൽ വകുപ്പ്തല അന്വേഷണം നടത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.വി.ആശയുടെ റിപ്പോർട്ട് സൂപ്രണ്ട് ഇന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ഉമർ ഫാറൂഖിന് സമർപ്പിക്കും.

ജിയറാമിനൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റു രണ്ടു പേരിൽ കൊൽക്കത്ത സ്വദേശിനി തസ്‌മിം ബാനുവിനെ പ്രതി ചേർത്താണ് കേസ്. ഇവരുടെ മാനസികാരോഗ്യനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയ്ക്കു പിറകെ ഇന്നു തന്നെ റിപ്പോർട്ട് നൽകിയേക്കും.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ജില്ലാ പൊലീസ് ചീഫിനോടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മനോനില തെറ്റിയതോടെയാണ് കുതിരവട്ടത്ത് എത്തിപ്പെട്ടത്. ഒന്നര വയസ്സുകാരനായ മകനെ ക്രൂരമായി മർദ്ദിക്കുന്നതു കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനു പിറകെ ഇവരെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചതായിരുന്നു. കുട്ടിയെ ശിശുമന്ദിരത്തിലേക്കും മാറ്റി. ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും മഹിളാമന്ദിരത്തിൽ നിന്നു പുറത്തുചാടിയ യുവതി തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തി ബഹളം വെച്ചതോടെയാണ് പൊലീസ് കുതിരവട്ടത്ത് എത്തിച്ചത്.

സെല്ലിൽ കിടക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കം അടികലശലിലേക്ക് തിരിഞ്ഞതിനു പിറകെയായിരുന്നു കൊലപാതകം. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും തല ചുമരിലിടിച്ചുമായിരുന്നു കൊലപാതകം.

മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ ജീവനക്കാർ കുറവാണെന്നു മാത്രമല്ല, സ്ത്രീകളായി ഒരാൾ പോലുമില്ലെന്ന പ്രശ്നവുമുണ്ട്. 469 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇതിൽ 168 പേർ സ്‌ത്രീകളാണ്. ആകെ നാലു താത്കാലിക സുരക്ഷാ ജീവനക്കാരാണുള്ളത്.