കോഴിക്കോട്: കല്ലായി പുഴയോരത്തായി പള്ളിക്കണ്ടി - അഴീക്കൽ റോഡിൽ കോർപ്പറേഷൻ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ഇരമ്പി. നിർദ്ദിഷ്ട പ്ളാന്റ് അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പുഴസംരക്ഷണ പ്രതിജ്ഞയെടുത്തു.
പുഴ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട അധികാരികൾ തന്നെ സി.ആർ.സെഡ് നിയമം ലംഘിച്ചുള്ള പ്രവൃത്തിയ്ക്ക് പുഴ നികത്തുന്നത് തടയുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി. പദ്ധതിയെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും അവർ പറഞ്ഞു.
കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി.ശോഭിത പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് പറയുന്ന മേയറും ഡെപ്യൂട്ടി മേയറും സ്വന്തം ഡിവിഷനിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാൻ ശ്രമിക്കാത്തതെന്തേ?. പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താമെന്നിരിക്കെ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തെ പുഴ നികത്തി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ, വി. റാസിക് (കോൺഗ്രസ്) എം.പി.സക്കീർ (റസിഡന്റ്സ് അസോസിയേഷൻ കൺവീനർ), സലാം വളപ്പിൽ, (കെ.എൻ.എം), ടി.ദാവൂദ് (ആവിക്കൽ തോട് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ), കെ. അസ് ലം (ലീഗ്) പി.പി. സുൽഫിക്കർ അലി, (കോൺഗ്രസ് ), ഇ.പി.അശറഫ്, (മുസ്‌ലിം ലീഗ്) എം.പി. കോയട്ടി, (തെക്കേപ്പുറം റസിഡന്റ്സ് കോ ഓർഡിനേഷൻ കമ്മിറ്റി), എം.പി.ബഷീർ, (യൂത്ത് ലീഗ് ) ടി.വി.എ.കോയ (സംഗമം റസിഡന്റ്സ് അസോസിയേഷൻ), എം പി.ഹർഷാദ് (യൂത്ത് കോൺഗ്രസ് ), പി.വി.ഷിജിൽ (എസ്.ഡി.പി.ഐ) എം.പി. ഷർഷാദ് (അഴിക്കൽ വായനശാല ), എം.പി.അഷിക് (എസ്.കെ.എസ്.എസ്.എഫ്), ടി.വി.റിയാസ് (ട്രൈസ്റ്റാർ), പി. അറഫാത്ത് (യൂത്ത് ചേംബർ), സക്കരിയ്യ പള്ളിക്കണ്ടി (മീലൻസ്) എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ എം.പി. സിദീഖ് സ്വാതവും കോ ഓർഡിനേറ്റർ എൻ.വി.ശംസു നന്ദിയും പറഞ്ഞു.