
അംഗീകരിക്കാതെ പ്രസിഡന്റ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന്
കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന കൗൺസിലിനൊപ്പം സെക്രട്ടേറിയറ്റും വർക്കിംഗ് കമ്മിറ്റിയും ദേശീയ നേതൃത്വം പിരിച്ചുവിട്ടു. സംസ്ഥാന ഘടകത്തിൽ വീണ്ടും തർക്കം മുറുകിയ സാഹചര്യത്തിൽ ഇന്നലെ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയുടെ ചെയർമാനായി മന്ത്രി അഹമ്മദ് ദേവർകോവിനെ നിയോഗിച്ചിട്ടുമുണ്ട്.
പാർട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഈ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബ്. ഇതോടെ, നേരത്തെ കഷ്ടിച്ച് പിളർപ്പ് ഒഴിവാക്കിയ പാർട്ടി വീണ്ടും രണ്ടായി പിരിയുമെന്ന് ഉറപ്പായി.
പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുമെങ്കിലും ദേശീയ കൗൺസിലിന്റെ തീരുമാനം തള്ളി പ്രസിഡന്റ് രംഗത്തു വരികയായിരുന്നു. ഭരണഘടനാ വിരുദ്ധമാണ് ദേശീയ കൗൺസിൽ തീരുമാനമെന്നിരിക്കെ, സംസ്ഥാന കമ്മറ്റിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കോഴിക്കോട്ട് ചേരും.
പാർട്ടിയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ഇരുവിഭാഗത്തിൽ നിന്നും അഞ്ചു പേർ വീതമുള്ള അനുരജ്ഞന സമിതിയെ മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുത്തിരുന്നു. ഈ സമിതി വിളിച്ചു ചേർക്കാനും ഉള്ളു തുറന്ന ചർച്ച നടത്താനുമുള്ള നിർദ്ദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായതെന്നും അബ്ദുൽ വഹാബ് പറയുന്നു. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാർച്ച് 20 ന് കഴിഞ്ഞതാണ്. മാർച്ച് 31ന് മുമ്പ് പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്ന വിധം സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ ദേശീയ കൗൺസിൽ അധികാരപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിലിനു പുറമെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ കെ.എസ്.ഫക്രുദ്ദീൻ, ദേശീയ ട്രഷറർ ഡോ.എ.എ.അമീൻ, സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം.എം.മാഹീൻ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയിലുള്ളത്.