news
ബാലകൃഷ്ണൻ നമ്പ്യാർ, കർഷകൻ സെക്രട്ടറി വേളം പഞ്ചായത്ത് പാടശേഖര സമിതി കോ ഓർഡിനേഷൻ സെക്രട്ടറി

കുറ്റ്യാടി: വേനൽ കടുത്തതും കനാൽ തുറക്കാത്തതും മൂലം ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ വേളം പഞ്ചായത്തിലെ അടിവയൽ പാടശേഖരത്തിൽ ഏക്കറ് കണക്കിന് നെൽ കരിഞ്ഞുണങ്ങുന്നു. പ്രദേശത്തെ കനാലിൽ നവീകരണം നടക്കാത്തിനാൽ ഏതാണ്ട് 150 ഏക്കറിൽ പുഞ്ചകൃഷി ചെയ്ത കർഷകർ വെള്ളം കിട്ടാതെ നെട്ടോട്ടമോടുകയാണ്. കനാലിലെ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരാണ് വേനലിന്റെ ആരംഭത്തിൽ തന്നെ വെള്ളം കിട്ടാതെ പ്രതിസന്ധിയിലായത്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കൃഷിയിറക്കാൻ മടിച്ചു നിന്ന കർഷകർ അവസാനം വിത്തിറക്കി കതിരണിയാൻ പാകമായപ്പോഴാണ് ജല ലഭ്യത തിരിച്ചടിയായത്. നെൽകൃഷി വികസനത്തിന് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങുയകയായിരുന്നു. യഥേഷ്ട്ടം ജല ലഭ്യത ഉറപ്പ് വരുത്താൻ ആവിഷ്ക്കരിച്ച പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ സ്ഥലം വിട്ടു. ഇതിനിടയിലാണ് പുഞ്ചകൃഷിക്ക് ഏക ആശ്രയമായ കനാൽവെള്ളവും നിലച്ചിരിക്കുന്നത്.

സാധാരണ ഗതിയിൽ കനാലുകൾ ജനുവരി മാസമാകുമ്പോഴേക്കും തുറന്നു വിടുമായിരുന്നു. കനാലുകൾ തുറക്കുമെന്ന പ്രതീക്ഷയിൽ പാടശേഖര സമിതികൾ നേരിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തോടുകൾ നവീകരിച്ചിരുന്നു. അതിനിടയിലാണ് കനാലുകളുടെ നവീകരണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ പാടില്ല എന്ന നിർദ്ദേശം എത്തിയത്. ആവർത്തനസ്വഭാവമുള്ള പണികൾ ചെയ്യാൻ പാടില്ലെന്ന പദ്ധതി മാർഗനിർദേശമാണ് വിനയായി മാറിയത്.നവീകരണം നടക്കാത്തതിനാൽ കനാൽ തുറന്നാൽ പോലും എന്ന് വെള്ളമെത്തുമെന്ന് പറയാൻ സാധിക്കില്ല.

കനാലുകളുടെ നവീകരണം സി പി.എം ഉൾപെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ടെങ്കിലും ഫെബ്രുവരി അവസാനം മാത്രമേ കനാലുകൾ തുറന്നു വിടു എന്നാണ് ഇറിഗേഷൻ വകുപ്പ് നൽകുന്ന സൂചന. അപ്പോഴേക്കും അവശേഷിക്കുന്ന നെൽചെടികൾ കൊയ്തെടുക്കാൻ പാകത്തിനായിട്ടുണ്ടാകും. പിന്നെ വയലുകളിൽ യന്ത്രമിറക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

കനാലിലെ അറ്റകുറ്റപണികൾ നടത്തി എത്രയും പെട്ടന്ന് വെള്ളം തുറന്നു വിടണം- കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ

പാടശേഖര സമിതി കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി