
കോഴിക്കോട്: റൺവേ വിഷയത്തിലുള്ള അനിശ്ചിതത്വം നീക്കുന്നതടക്കം കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ ഇനി കൂട്ടായ പോരാട്ടം തുടങ്ങുകയായി.
സമഗ്രവികസനത്തിനായി മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ കുറിച്ച് വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കാലിക്കറ്റ് എയർപോർട്ട് വികസന ജോയിന്റ് ആക്‌ഷൻ കൗൺസിൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. ഭൂമി ഏറ്റെടുക്കലിന് സത്വരനടപടി വേണമെന്നു സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന്റെ റൺവേ ദീർഘിപ്പിക്കലിന്റെ അനിശ്ചിതത്വം ഒഴിവാക്കിയേ പറ്റൂ. എത്രയും പെട്ടെന്ന് റെസ (റൺവേ എൻഡ് സേഫ്‌റ്റി ഏരിയ) ദീർഘിപ്പിക്കണം. വൈഡ് ബോഡി വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഇനിയും വൈകിക്കരുത്. ഈ ആവശ്യങ്ങൾ അടുത്താഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് കണ്ട് അവതരിപ്പിക്കും.
മലബാർ ചേംബർ ഒഫ് കോമേഴ്സ്, കാലിക്കറ്റ് ചേംബർ ഒഫ് കോമേഴ്സ്, ഗ്രേറ്റർ മലബാർ ഇനിഷ്യറ്റിവ്, ബി.എൻ.എ, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, ദി ബിസിനസ് ക്ലബ്, മലബാർ ടൂറിസം കൗൺസിൽ, മലബാർ ഡവലപ്മെന്റ് കൗൺസിൽ തുടങ്ങിയ സംഘടനകൾ ഉൾപ്പെട്ടതാണ് ജോയിന്റ് ആക്‌ഷൻ കൗൺസിൽ.
വിമാനത്താവള വികസനം ഒരു ദശാബ്ദമായി റൺവേ വിപുലീകരണത്തെ ചൊല്ലി മുടങ്ങിക്കിടക്കുകയാണ്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം കൂടിയാവുമ്പോൾ കരുക്ക് അഴിയുന്നില്ല. വൈഡ് ബോഡി വിമാനങ്ങളുടെ സർവിസ് നിശ്ചലമായത് വിമാനത്താവളത്തിന്റെ നടത്തിപ്പിന് തന്നെ വലിയ തിരിച്ചടിയായി മാറുകയായിരുന്നു.
കരിപ്പൂരിലെ വിമാനാപകടം പൈലറ്റിന്റെ പിഴവു മൂലമാണെന്ന് റിപ്പോർട്ട് വന്നിട്ടും വൈഡ് ബോഡി വിമാന സർവിസ് പുന:സ്ഥാപിക്കാത്തതിന് നീതീകരിണമില്ല. റിപ്പോർട്ട് കേന്ദ്ര മന്ത്രാലയത്തിന് ലഭിക്കുന്നതോടെ വലിയ വിമാനങ്ങൾ വീണ്ടുമെത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതാണ്. പക്ഷേ, പാലിക്കപ്പെട്ടില്ല. , കൂടുതൽ സാമ്പത്തികബാദ്ധ്യതയില്ലാതെ, 'റെസ" വിപുലീകരണം സാദ്ധ്യമാകുമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. റൺവേ നീളം കുറയ്ക്കൽ തീരുമാനം തത്കാലം മരവിപ്പിക്കാൻ കഴിഞ്ഞത് ആശ്വാസകരമാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
മലബാർ ചേംബർ പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കമ്മത്ത്, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി. ദേവസ്സി, ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് പ്രസിഡന്റ് ജോഹർ ടാംടൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.