വടകര: ദെെനം ദിന യാത്രകൾക്കായി കൂടുതൽ പേർ ഉപയോഗിക്കുന്ന പാസഞ്ചർ ട്രയിനുകൾക്ക് ചെറിയ സ്റ്റേഷനുകൾ ചതുർത്ഥി. വടകരക്കും മാഹിക്കും ഇടയിലുള്ള നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളിൽ പാസഞ്ചർ ട്രയിനുകൾ നിറുത്താതെ കുതിക്കുകയാണ്. നാദാപുരം , കുറ്റ്യാടി, തൊട്ടിൽപ്പാലം വഴി വയനാട് ഭാഗത്തേക്ക് എത്തിപ്പെടാൻ സൗകര്യമാവുന്നതാണ് ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ. ഇതേപോലെ കണ്ണൂർ ജില്ലയിലെ കരിയാട്, പെരിങ്ങത്തൂർ, കല്ലിക്കണ്ടി, പോരോട്, ആവോലം ഭാഗങ്ങളിലുള്ളവർക്കും അഴിയൂർ പഞ്ചായത്തിലെ മുക്കാളി റെയിൽവെ സ്റ്റേഷൻ ഉപകാരപ്രദമാണ്.

രാവിലെയും വൈകുന്നേരവുമായി നാല് വീതം ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവെക്കപ്പെട്ട പാസഞ്ചർ ട്രെയിൻ സർവീസ് ട്രെയിൻ സ്റ്റേഷനുകളിൽ നിറുത്താത്തത് മൂലം മാംഗ്ലുർ - കോയമ്പത്തുർ, കണ്ണുർ കോഴിക്കോട്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പാസഞ്ചർ ട്രയിനുകളെ ആശ്രയിക്കുന്ന നൂറു കണക്കിന് ജനങ്ങളാണ് ദുരിതത്തിലായത്.

മാഹിക്കും വടകരക്കിടയിലും ധാരാളം യാത്രക്കാർ എത്തിച്ചേരുന്ന സ്ഥലമാണ് നാദാപുരം റോഡ് സ്റ്റേഷൻ. കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ എത്തിച്ചേരേണ്ട ജീവനക്കാർ ഉൾപ്പടെയുള്ളവർ ട്രെയിൻ യാത്രയ്ക്കായി ആശ്രയിച്ചിരുന്നത് നാദാപുരം റോഡ് സ്റ്റേഷനെയായിരുന്നു. മടപ്പള്ളി സ്കൂളുകൾ, മടപ്പള്ളി കോളേജ്, യു.എൽ.സി.സി.എസ് എന്നീ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരണ്ട അദ്ധ്യാപകരും, വിദ്യാർത്ഥികളും, തൊഴിലാളികളും, ജീവനക്കാരും പാസഞ്ചർ ട്രെയിനുകളിലാണ് നാദാപുരം റോഡിൽ വന്നിറങ്ങുന്നതും തിരിച്ചു പോകുന്നതും. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള ആതുരാലയങ്ങളിൽ എത്തിച്ചേരാനും നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനെയാണ് യാത്രക്കാർ ഉപയോഗപ്പെടുത്തിയിരുന്നത്. സ്റ്റേഷൻ പ്രവർത്തനം പൂർണമായി നിറുത്തിവെച്ചത് കാരണം സ്റ്റേഷനിൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. സ്റ്റേഷനു പരിസരവും രാത്രിയിൽ ഇരുട്ടിൽ മുങ്ങുന്നതിനാൽ ഇവിടങ്ങളിൽ സാമൂഹ്യ ദ്രോഹികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നാദാപുരം റോഡ്, മുക്കാളി സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാവുകയാണ്.

കൊവിഡ് കാലം നിത്യ വരുമാനക്കാരായ സാദാരണക്കാരുടെ ജീവിത നിലവാരം പൊളിച്ചെഴുതിയതിനൊപ്പം യാത്രാ ചെലവ് വർദ്ധിച്ചതിനൊപ്പം ചെറുസ്റ്റേഷനുകളിൽ ട്രയിനുകൾ നിർത്താത്തത് കൂനിന്മേൽ കുരുവാകുന്നു.